ഈ ബ്ലോഗ് തിരയൂ

2010, ജനുവരി 5, ചൊവ്വാഴ്ച

കഥ : അശോകസ്തംഭം വീണ വായിക്കുന്നു

""നിര്‍ണ്ണായകമായ കാര്യങ്ങളില്‍'' രവിശങ്കര്‍  അങ്ങനെയാണ് ആരംഭിച്ചത്, ""നിര്‍ണ്ണായകമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ മൂന്നാമതൊരു ചിന്തകൂടി ആവശ്യമുണ്ട്.''
""ഹേ, സദാചാരവാദീ മിണ്ടാതിരിക്ക്. ഔപചാരികതകള്‍ക്ക് പ്രസക്തി നഷ്ടമായ കാലമാണിത്. എന്തെങ്കിലും ഫോര്‍മാലിറ്റി  ഒരുവന്‍ കാണിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ ഒരു കാല്‍ക്കുലേഷന്‍ ഉണ്ടാകും. നിനക്ക് വെറും സാക്ഷിയുടെ ഭാഗമേയുള്ളൂ. നിന്റേതല്ല  ഇന്നത്തെ ചിലവുകളെന്നെ കാര്യവും മറന്നു പോകണ്ട'' അനില്‍ ദത്ത് പറഞ്ഞു നിര്‍ത്തി.
രവിശങ്കറിന്റെ മൗനത്തില്‍ ചോദ്യം നിറഞ്ഞു. പ്രശാന്തന്‍ ഫലിതം പോലെ ആരംഭിച്ചു. ""പ്രണയത്തിന്റെ കമ്പോളനിലവാരം കുത്തനെ ഇടിയുകയാണ്.  ഈയൊരവസരത്തില്‍ നിലവിലുള്ള പ്രണയങ്ങളെങ്കിലും പരിശുദ്ധിയോടെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയായിരിക്കും രവിശങ്കറിനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത്. പക്ഷേ സന്യാസീ നോക്ക്, ഈറ്റ്, ഡ്രിങ്ക് ആന്റ്... ആന്റ്.... മണ്ണാങ്കട്ട. എന്തായാലും ടൂമാറോ വീ വില്‍ ഡൈ. അതുകൊണ്ട് ഇന്നിന്റെ ഒരു നിമിഷവും നാം പാഴാക്കരുത്.''
""നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ''- അപ്പോള്‍ അങ്ങനെ പറയാനാണ് രവിശങ്കറിന് തോന്നിയത്, ""നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ കണ്ണികള്‍ പിന്നീടൊരിക്കലും തിരിച്ചു കിട്ടിയില്ലെന്നിരിക്കും. ഗോകുല്‍ നമ്മുടെ രക്തം പോലെയല്ലേ നമുക്ക്.''
ചര്‍ച്ചയില്‍ താല്പര്യമില്ലാത്തതു പോലെ പ്രശാന്തന്‍ എഴുന്നേറ്റ് നീണ്ടൊരു കോട്ടുവായിട്ട് വീഡിയോ കാസറ്റുകള്‍ക്കു സമീപത്തേക്ക് പോയി. ഡ്രായില്‍ കാസറ്റു തിരയുന്നതിനിടയില്‍ ജനാലയിലൂടെ അയാള്‍ അലസമായി താഴേക്ക് നോക്കി. വെയിലിന്റെ കാഠിന്യം കുറഞ്ഞതു കൊണ്ടാകാം നിരത്തില്‍ തിരക്കേറിയിരിക്കുന്നു. വിരാമമില്ലാത്ത വാഹനങ്ങളുടെ നിര. ഏതോ പോപ്പ് മ്യൂസിക്കിന്റെ കാസറ്റ് തെരഞ്ഞു പിടിച്ച് വി.സി.പി യില്‍ നിക്ഷേപിച്ചു. ശബ്ദങ്ങളുടെ വലിയൊരു സ്‌ഫോടനത്തോടെ ടി.വി. തെളിഞ്ഞു. കസേരയില്‍ നീണ്ടു നിവര്‍ന്ന് കിടന്ന് അയാള്‍ താളമടിക്കാന്‍ തുടങ്ങി.
പ്രശാന്തന്റെ ചലനങ്ങളില്‍ അല്പനേരം ശ്രദ്ധാലുവായിട്ട് അനില്‍ദത്ത് രവിശങ്കറിന്റെ നേര്‍ക്ക് തിരിഞ്ഞു. ""ചങ്ങാതീ, നമ്മുടെ രക്തം തന്നെയാണ് നമ്മെ ചതിച്ചുകൊണ്ടിരിക്കുന്നത്. സ്വസ്ഥമായൊരു സഹശയനം പോലും അസാദ്ധ്യമാവുകയാണ്. ഗോകുല്‍ നമ്മുടെ  ഉറ്റമിത്രമാണ്. അവന്റെ പ്രണയവാര്‍ഷികം ഒരാഘോഷമാക്കേണ്ടത് നമ്മുടെ ആവശ്യമാണ്.''
""അപ്പോള്‍ തിരിച്ച് നമ്മെ സന്തോഷിപ്പിക്കേണ്ടത് അവന്റെയും  കടമയല്ലേ?'' പ്രശാന്തന്‍ അനില്‍ദത്തിന്റെ തുടര്‍ച്ചയായി.
""റൈറ്റ്, യു ആര്‍ റൈറ്റ്. പൂച്ച സന്യാസി നോക്ക്, സ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പുകളെ ആവശ്യമില്ല. ഗോകുലിനേയും സ്‌നേഹയേയും ഞങ്ങള്‍ ട്രീറ്റുചെയ്തുകൊള്ളാം.'' അനില്‍ദത്ത്.
""ഈ രക്തത്തിന്റെ ഓഹരി'' രവിശങ്കര്‍ നിരാശതയോടെ പറഞ്ഞു ""ഈ രക്തത്തിന്റെ ഓഹരി എനിക്കുവേണ്ട.''
""മാംസത്തിന്റെ എന്നു തിരുത്ത്. നീ നല്ലവന്‍. കുറുക്കാ, നീയൊരു നല്ല കാഴ്ചക്കാരനാക്.'' പ്രശാന്തന്‍ തുടയില്‍ താളമടിക്കുന്നത് തുടര്‍ന്നുകൊണ്ട് പറഞ്ഞു. ""എന്നിട്ട് പ്രണയത്തിന്റെ രക്തസാക്ഷിത്വം എന്നൊരു പ്രബന്ധമെഴുതി ഏതെങ്കിലും അവാര്‍ഡ് തരമാക്ക്.''
""ശ്ശ്....'' അനില്‍ദത്ത് ചുണ്ടില്‍ വിരല്‍ വച്ച് സംഭാഷണം വിലക്കിക്കൊണ്ട് പുറത്തേക്ക് ചൂണ്ടി. ""വരുന്നുണ്ട്.''
""ഋഷിവര്യാ'' രവിശങ്കറിനെ നോക്കി അല്പം കഠിനസ്വരത്തില്‍ പ്രശാന്തന്‍ പറഞ്ഞു. ""അസ്ഥാനങ്ങളില്‍ ഇടപെടരുത്''
ഗോകുലും സ്‌നേഹയും മുറിയിലേക്ക് പ്രവേശിച്ചതും മൂവരും എഴുന്നേറ്റ് മുന്‍കൂട്ടി തീരുമാനിച്ചപോലെ ശിരസ്സു കുനിച്ച് അഭിവാദ്യം ചെയ്തു.  ഒരു കോറസിന്റെ നിര്‍ണ്ണയിക്കപ്പെട്ട ചലനങ്ങള്‍  പോലെയായിരുന്നു അവരുടെ നീക്കങ്ങള്‍. ഇരുവര്‍ക്കും കസേരകള്‍ നീക്കിയിട്ട് ഉപവിഷ്ടരാക്കുന്നതിനിടയില്‍ പ്രശാന്തന്‍ വീഡിയോ ക്യാമറ റെഡിയാക്കി.
""ഇതാണ് ഞാന്‍ പറഞ്ഞ ചങ്ങാതികള്‍.'' നേരിയൊരസഹിഷ്ണുതയോടെ ഇരിക്കുന്ന സ്‌നേഹയോട് ഗോകുല്‍ പറഞ്ഞു. ""ഇത് രവിശങ്കര്‍. മോറല്‍ വാല്യൂസ് ഇന്‍ അര്‍ബന്‍ ലൈഫ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു. ആളൊരു ബുദ്ധിജീവിയാണ്. ഇത് പ്രശാന്തന്‍, ബിസിനസ് മാനാണ്. പിന്നെ അനില്‍ദത്തിനെ പരിചയപ്പെട്ടിട്ടുണ്ടല്ലോ.'' ഓരോരുത്തര്‍ക്കും നേരെ വിടര്‍ന്ന കണ്ണുകളോടെ സ്‌നേഹ ശിരസ്സു കുനിച്ച് ആദരവ് പ്രകടിപ്പിച്ചു.
അനില്‍ദത്ത് കസേരയില്‍ നിന്നെഴുന്നേറ്റ് തൊണ്ട ശരിയാക്കി പതിഞ്ഞ ശബ്ദത്തില്‍ ആരംഭിച്ചു. ""നേരിട്ട് ചടങ്ങിലേക്കു പ്രവേശിക്കാം. ഗോകുലിന്റേയും സ്‌നേഹയുടെയും അഞ്ചാം പ്രണയവാര്‍ഷികം നാമിന്ന് സമുചിതമായി ആഘോഷിക്കുകയാണ്. അര്‍ത്ഥശോഷണം സംഭവിച്ച ഒരു പദമായിട്ടാണ് പ്രണയത്തെ ഇന്നെല്ലാവരും കണക്കാക്കുന്നത്. പുതിയ കാലത്തില്‍ ഈയൊരു വികാരം അസംബന്ധവും   അനാവശ്യവുമാണെന്നു വരെ വാദിക്കുന്ന ചില അരാജകവാദികളുണ്ട്. എന്നാല്‍ കാലത്തിന്റെ കീഴ്‌മേല്‍ മറിച്ചിലുകള്‍ക്കൊന്നും ആത്മാര്‍ത്ഥ പ്രണയത്തേയോ അതിന്റെ  വിശുദ്ധിയേയോ തൊടാനായിട്ടില്ലെന്നത് ഒരു വാസ്തവം മാത്രമാണ്. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലെങ്കില്‍  ജീവിതത്തിനെന്താണൊരു രസം. ഇത്തരം ചിന്തകളിലേക്കൊക്കെ എന്റെ മനസ്സു പോകുന്നത്. ഗോകുലിന്റേയും സ്‌നേഹയുടെയും പ്രണയത്തിന്റെ ആഴവും പവിത്രതയും കാണുമ്പോഴാണ്.''
""നീണ്ട പ്രസംഗങ്ങള്‍'' രവിശങ്കര്‍ പറഞ്ഞു. ""നീണ്ട പ്രസംഗങ്ങള്‍ ഈയൊരു ചടങ്ങിന് അനാവശ്യമായ ആഡംബരമാണ്. പ്രണയജോഡിയെ അനുമോദിക്കുകയും അവരുടെ ആഹ്ലാദം പങ്കിടുകയുമാണ് നമ്മുടെ പ്രധാന ദൗത്യം. മാത്രമല്ല ഇന്നത്തെ ദിവസം നാമവരുടെ കൂടുതല്‍ സമയം അപഹരിക്കുന്നതും ശരിയല്ല.''
""ഔചിത്യവാദി മിണ്ടാതിരി. ചെറുപ്പക്കാരുടെയിടയില്‍ ക്രിയാത്മക സംവാദങ്ങള്‍ കുറയുന്നതിനെക്കുറിച്ചും മൂല്യങ്ങള്‍ക്ക് സര്‍ഗ്ഗാത്മകത നഷ്ടപ്പെടുന്നതിനെക്കുറിച്ചും നീയല്ലേ രണ്ടു ദിവസം മുമ്പ് വിലപിച്ചത്.'' പ്രശാന്തന്‍ സംതൃപ്തിയോടെ അനില്‍ ദത്തിനെ നോക്കി.
അനില്‍ ദത്ത് പറഞ്ഞു. ""ഈ വേളയിലെ പ്രാഥമിക ചടങ്ങ് നടക്കട്ടെ, ഗോകുലും സ്‌നേഹയും അവരുടെ പ്രണയോപഹാരങ്ങള്‍ പരസ്പരം കൈമാറുന്നു. അങ്ങനെ അഞ്ചാം പ്രണയവാര്‍ഷികത്തിന് തുടക്കമാകുന്നു.''
നിറഞ്ഞ പുഞ്ചിരിയോടെ ഗോകുലും സ്‌നേഹയും എഴുന്നേറ്റു. രണ്ടുപേരും അവരവരുടെ കൈകളിലിരുന്ന പായ്ക്കറ്റുകള്‍ തുറന്നു. അതിനുള്ളിലെ റോസാപുഷ്പങ്ങള്‍ പരസ്പരം കൈമാറി. സദസ്സ് ഒന്നാകെ കയ്യടിച്ചു. രവിശങ്കര്‍  ടീപ്പോ മുറിയുടെ മധ്യത്തിലേക്ക് നീക്കിയിട്ടു. അനില്‍ദത്ത് വലിയൊരു കേക്ക് ടീപ്പോയില്‍ കൊണ്ടുവച്ചു.  പ്രശാന്തന്‍  കതകടച്ച് കുറ്റിയിട്ട് തിരികെ വന്നു പറഞ്ഞു. ""നമ്മുടെ സ്വകാര്യതയില്‍ ദുര്‍മുഖങ്ങള്‍ കടന്നു വരരുത്. ശരി ഇനി നമ്മുടെ  അതിഥികള്‍ ഇരുവരും ചേര്‍ന്ന് ഈ കേക്ക് മുറിച്ച് ചടങ്ങിന്റെ വേഗത വര്‍ദ്ധിപ്പിക്കട്ടെ.''
ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് പരസ്പരം കൈമാറി. മൂവര്‍ക്കും വിതരണം ചെയ്തു.
""ഈ ധന്യമുഹൂര്‍ത്തത്തില്‍'' രവിശങ്കര്‍ ഉന്മേഷവാനായി, ""ഈ ധന്യ മുഹൂര്‍ത്തത്തില്‍ ഗോകുല്‍ നമുക്ക് മുന്നില്‍ മനസ്സു തുറക്കട്ടെ. അവനു പറയാനുള്ളതൊക്കെ കേള്‍ക്കട്ടെ. സ്‌നേഹയ്ക്കും ഒപ്പം കൂടാം.'' എല്ലാവരും അത് ശരിവച്ചു.
ഗോകുല്‍ നേരിയ സങ്കോചത്തോടു കൂടിയാണ് സംസാരിച്ചു തുടങ്ങിയത്. ""സ്‌നേഹം സമുദ്രമെന്നറിയുക മനസ്വിനി, സ്‌നേഹിപ്പവര്‍ക്കില്ല സ്വാസ്ഥ്യവും ശാന്തിയും എന്ന വിനയചന്ദ്രന്റെ വരികള്‍ മാത്രമേ എനിക്കീയവസരത്തില്‍ പറയാനുള്ളൂ. സ്‌നേഹയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്‍ തുടര്‍ന്നു. ""സത്യത്തില്‍ ഞാന്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്നറിഞ്ഞതുതന്നെ എന്നില്‍ പ്രണയ സൂര്യന്‍ ഉദിച്ചതോടുകൂടിയാണ്. പ്രണയമില്ലെങ്കില്‍ ലോകമില്ലെന്ന് ഇന്ന് ഞാനറിയുന്നു. പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രണയത്തിന്റെ അച്ചുതണ്ടിലാണ്.''
""സ്‌നേഹ എന്തു പറയുന്നു?'' അനില്‍ ദത്ത് അവളെ സൂക്ഷിച്ചു നോക്കി ചോദിച്ചു. ""ഗോകുലിനൊപ്പം നടന്ന് അവന്റെ കവിഹൃദയം സ്‌നേഹയ്ക്കും കിട്ടിയിരിക്കും.''
സങ്കോചത്തോടെ അവള്‍ പറഞ്ഞു. ""എനിക്കൊന്നുമറിയില്ല.''
""ഇതാണ് സ്ത്രീയുടെ കുഴപ്പം.'' പ്രശാന്തന്‍ പറഞ്ഞു. ""എന്തിലും എടുത്തു ചാടും. എന്നിട്ട് തനിക്കൊന്നുമറിയില്ലെന്ന നിലപാടും.''
സ്‌നേഹ ഒളികണ്ണിട്ട് ഗോകുലിനെ നോക്കി  ലജ്ജിതയായി.
""അതിരിക്കട്ടെ, ഗോകുല്‍, നീ ഇപ്പോഴും നിന്റെ പഴയ നിലപാടു മാറ്റിയിട്ടില്ലേ.'' അനില്‍ ദത്തു ചോദിച്ചു. ""പ്രണയത്തിന്റെ ഡിവൈനിറ്റി അങ്ങനെയാണല്ലോ നീ പറയാറുള്ളത്, ആ ഡിവൈനിറ്റി ഇപ്പോഴും നിലനിര്‍ത്തുകയാണോ?''
""ചങ്ങാതിമാരെ, ഇക്കാര്യത്തില്‍ ഞാനല്പം കണ്‍സര്‍വേറ്റീവാണ്.'' റോസാപ്പൂവിന്റെ ദലമടര്‍ത്തി അതിന്റെ സുഗന്ധം ശ്വസിച്ചുകൊണ്ട് ഗോകുല്‍ പറഞ്ഞു. ""ശരീരകേന്ദ്രിതമായ പ്രണയം ഒരുതരം അപരിഷ്കൃതത്വമാണ്. പ്രണയം ആത്മാവിന്റെ വിനിമയമാണ്. വിവാഹത്തിനു മുമ്പ് അതിസാഹസങ്ങള്‍ കാട്ടി അത്ര ഫോര്‍വേഡാകണ്ടെന്ന് ഞങ്ങള്‍ കൂട്ടായി തീരുമാനിച്ചതാണ്.''
""ഇക്കാര്യത്തില്‍'' രവിശങ്കറാണ്. ""ഇക്കാര്യത്തില്‍ ഞാന്‍ ഗോകുലിനും സ്‌നേഹയ്ക്കുമൊപ്പമാണ്. എല്ലാം കച്ചവടവല്‍ക്കരിക്കപ്പെട്ട ഒരു ലോകത്തില്‍ പ്രണയവും അതിന്റെ ഭാഗമായി മാറും. ഇവിടെയാണ് ഇവര്‍ ഒരപവാദം പോലെ മുന്നോട്ട് പോകുന്നത്. ഈ ആദര്‍ശനിഷ്ഠയെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. നിങ്ങളുടെ അഞ്ചാം പ്രണയവാര്‍ഷികത്തിന് എന്റെ ഭാവുകങ്ങള്‍''
""ഭ്രാന്തന്‍ സന്യാസീ മിണ്ടാതിരി.'' പ്രശാന്തന്‍ കുപ്പിപൊട്ടിച്ചുകൊണ്ട് പറഞ്ഞു. ഗോകുലിന്റെയും സ്‌നേഹയുടെയും മുഖത്ത് ഉത്കണ്ഠ പടരുന്നത് മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരുന്നില്ല. അഞ്ചു ഗ്ലാസ്സുകളിലായി വിസ്കിയും സോഡയും നിറഞ്ഞു. അനില്‍ദത്ത് രണ്ട് ഗ്ലാസുകളുമെടുത്ത് ഗോകുലിനും സ്‌നേഹയ്ക്കുമടുത്ത് ചെന്നു.
""പ്രണയത്തിന് നിത്യവസന്തം നേര്‍ന്നുകൊണ്ട് ഇത് കഴിക്കൂ.'' സ്‌നേഹയുടെ മുഖത്ത് ഭീതി നിറഞ്ഞു. ഗോകുല്‍ ഭയം പുറത്തുകാട്ടാതെ ചിരിക്കാന്‍ ശ്രമിച്ചു.
""അനില്‍ തമാശ കളയൂ. ഞാനിത് കഴിക്കില്ലെന്നറിയില്ലേ. ഞങ്ങള്‍ക്കുടനേ പോകേണ്ടതുണ്ട്. പ്രധാന ചടങ്ങു കഴിഞ്ഞില്ലേ. ഇനി ഞങ്ങള്‍ പോകട്ടെ.''
""ചടങ്ങുകള്‍ തുടങ്ങിയതല്ലേയുള്ളൂ. ശരി, നിങ്ങള്‍ക്കു വേണ്ടെങ്കില്‍ വേണ്ട. നിങ്ങളുടെ ആരോഗ്യത്തിനു വേണ്ടി ഞാന്‍ കുടിക്കാം.'' പറഞ്ഞു തീര്‍ത്തതും ഒന്നിനു പുറകേ ഒന്നായി രണ്ടു ഗ്ലാസ്സുകളും അനില്‍ദത്ത് കാലിയാക്കിയതും ഒന്നിച്ചായിരുന്നു.
""ചിന്തകാ കുടിക്ക്.'' പ്രശാന്തന്‍ ഗ്ലാസ് രവിശങ്കറിന് നേരെ നീട്ടി. ""ഓ, താന്‍ മദ്യവിരോധിയാണല്ലോ, വേണ്ട.'' അയാളും നിമിഷനേരം കൊണ്ട് ഗ്ലാസ്സുകള്‍ രണ്ടും കാലിയാക്കി.
""ചിന്തകള്‍ സ്വരരാഗ ഗംഗാപ്രവാഹം പോലെ പുറത്തേക്ക് വരണമെങ്കില്‍ മദ്യപിക്കണം. ഇതാ ഇങ്ങനെ.'' അനില്‍ ദത്ത് വീണ്ടും ഗ്ലാസ് നിറച്ച് അകത്താക്കി.
""ഗോകുല്‍, നമുക്ക് പോകാം.'' സ്‌നേഹയുടെ കണ്ണുകളില്‍ ഭയത്തിന്റെ തിരയിളക്കം. അവളുടെ വാക്കുകള്‍ വിറച്ചിരുന്നു. ""വരൂ, നമുക്ക് പോകാം.'' അവള്‍ ഗോകുലിന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.
""നില്‍ക്ക് പെങ്ങളെ.'' അനില്‍ദത്തിന്റെ കാലുകള്‍ക്ക് നിയന്ത്രണം തെറ്റിത്തുടങ്ങിയിരുന്നു. ""ഇന്നു നിങ്ങളുടെ പ്രണയവാര്‍ഷികമല്ലേ. നിങ്ങളുടെ സന്തോഷം ഞങ്ങള്‍ക്കുമാഘോഷിക്കണം.''
""റൈറ്റ്.'' സ്ഫുടതയില്ലാത്ത വാക്കുകളില്‍ പ്രശാന്തന്‍ തുടര്‍ന്നു. ""നാമിന്ന് കൂട്ടായി ആഘോഷിക്കുന്നു. നമുക്ക് ആടാം പാടാം, കമോണ്‍ മൈ സ്വീറ്റ് ഗേള്‍.''
ഗോകുല്‍ വിയര്‍ത്തു തുടങ്ങിയിരുന്നു. സ്‌നേഹ അയാളുടെ ചുമലില്‍ പിടിച്ച് വിറച്ചു നിന്നു.
""പ്ലീസ് ഞങ്ങള്‍ പോകട്ടെ.'' പതറിയ സ്വരത്തില്‍ ഗോകുല്‍ പറഞ്ഞു. ""നിങ്ങള്‍ പാര്‍ട്ടി തുടരൂ. ഞങ്ങള്‍ക്ക് വേറെയും തിരക്കുണ്ട്.''
""ശ്ശെ! അതെന്തു പോക്ക്. നമുക്ക് ആഘോഷിക്കണ്ടേ. ഇതൊന്നും കണ്ട് ഭയപ്പെടണ്ട. വീ ആര്‍ ഗോയിംഗ് ടു ട്വന്റി ഫസ്റ്റ് സെഞ്ച്വറി.'' ഒരു നിമിഷം നിശ്ശബ്ദനായി, കട്ടിലില്‍ കിടന്ന് ഏതോ ഇംഗ്ലീഷ് മാഗസിന്‍ അലസമായി മറിച്ചു നോക്കുന്ന രവിശങ്കറെ നോക്കി അനില്‍ദത്ത് പറഞ്ഞു. ""കൊച്ചു തെമ്മാടീ എഴുന്നേറ്റ് വാ. ഒരു കൂട്ട നൃത്തത്തോടെ തുടങ്ങാം.''
""ഒരു  നല്ല മുഹൂര്‍ത്തത്തിന്റെ'' രവിശങ്കര്‍ പറഞ്ഞു ""ഒരു നല്ല മുഹൂര്‍ത്തത്തിന്റ ആഹ്ലാദം കെടുത്തുന്നതെന്തിന്? അവര്‍ പോകട്ടെ, വിട്ടേക്കൂ.''
""വരൂ.'' ഗോകുല്‍ സ്‌നേഹയുടെ കൈപിടിച്ച് വാതിലിനടുത്തേക്ക് നീങ്ങി. പ്രശാന്തന്‍ പെട്ടെന്ന് മുന്നില്‍ കടന്ന് വാതിലിന് കുറുകെ നിന്നു.
""ആതിഥേയരെ അപമാനിക്കരുത്.'' പ്രശാന്തന്റെ നാവു കുഴഞ്ഞി
രുന്നു. ""ചടങ്ങുകള്‍ പൂര്‍ത്തിയായിട്ട് ഇവിടം വിട്ടാല്‍ മതി.''
ഗോകുല്‍ സ്തബ്ധനായി നിന്നു. സ്‌നേഹയുടെ അമര്‍ത്തിയ തേങ്ങല്‍ കണ്ണീരായി . ഗോകുല്‍ വീണ്ടും മുന്നോട്ട് നീങ്ങി വാതിലിന്റെ തഴുതില്‍ കൈവച്ചു.
""തിരക്കു കൂട്ടാതെ റോമിയോ.'' അനില്‍ ദത്ത് ഒരു ഗ്ലാസ്സ് മദ്യവുമായി ഗോകുലിന് മുന്നിലെത്തി. പ്രശാന്തന്‍ അവന്റെ മുഖം പുറകോട്ട് ചരിച്ചതും അനില്‍ദത്ത് മദ്യം വായിലേക്കൊഴിച്ചതും നിമിഷം കൊണ്ടായിരുന്നു. ഗോകുലിന്റെ അതിശക്തമായ കുതറലില്‍ ഗ്ലാസ് തെറിച്ച് രവിശങ്കറിന്റെ കിടക്കയില്‍ വീണു. സ്‌നേഹ ഉറക്കെ നിലവിളിച്ചുകൊണ്ട് ഗോകുലിനെ ചേര്‍ത്തു പിടിച്ചു.
രവിശങ്കര്‍ വേഗം എഴുന്നേറ്റ് ഗോകുലിനെ മാറ്റി നിര്‍ത്തി. ഭയന്നു വിറച്ചു പരസ്പരം നോക്കി നില്‍ക്കുന്ന ഗോകുലും സ്‌നേഹയും.
""സൗഹൃദത്തിന്റെ കണ്ണികള്‍'', അയാള്‍ അനില്‍ദത്തിനെ നോക്കി പറഞ്ഞു, ""സൗഹൃദത്തിന്റെ കണ്ണികള്‍ നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും തിരിച്ചു കിട്ടിയെന്നു വരില്ല. പ്ലീസ്, അവരെ പോകാനനുവദിക്കൂ.'' അയാള്‍ കതകിനടുത്തേക്ക് നടന്നു.
""നല്ല ശമരിയാക്കാരാ'' പ്രശാന്തന്‍ അയാളുടെ കോളറില്‍ പിടിച്ച് പുറകോട്ട് വലിച്ചു. ""നിനക്ക് പ്രേക്ഷകന്റെ  ഭാഗമേയുള്ളൂ. പോയിക്കിടക്ക്. രവിശങ്കര്‍ അനുസരണയുള്ള ആട്ടിന്‍കുട്ടിയെപ്പോലെ കട്ടിലിലേക്ക് പോയി. ഏതോ മാഗസിനെടുത്തു നിവര്‍ത്തി.
""ഡാര്‍ലിംഗ്, ഏതൊരു നല്ല സ്ത്രീയും ആദ്യം ഒരു പാപിനിയായിരിക്കും. അങ്ങനെയായെങ്കില്‍ മാത്രമേ മോക്ഷത്തിന്റെ മാര്‍ഗ്ഗം തെളിയൂ.'' പ്രശാന്തന്‍ സ്‌നേഹയുടെ മുന്നിലേക്ക് ചുവടുവച്ച് കൊണ്ട് പറഞ്ഞു. ""മഗ്ദലനമറിയ, വാസവദത്ത, പിംഗള, നോക്കൂ, ഇവരൊക്കെ ഏതു വഴിയിലൂടെ വന്നവരായിരുന്നു.'' സ്‌നേഹ ഗോകുലിലേക്ക് കൂടുതല്‍ അടുത്തു. അവളുടെ കണ്ണുകള്‍ നീര്‍ച്ചാലുകളായി. പ്രശാന്തന്‍ പൊടുന്നനെ അവളുടെ കവിളില്‍ ചുംബിക്കാനാഞ്ഞതും ഗോകുല്‍ കൈ ഉയര്‍ത്തും മുമ്പേ അനില്‍ ദത്തിന്റെ ബലിഷ്ഠമായ കൈ അവന്റെ ചെകിടത്തു പതിഞ്ഞു. അയാളുടെ വലംകാല്‍ നാഭിയില്‍ പതിച്ചതോടെ ഒരാര്‍ത്തനാദത്തോടെ ഗോകുല്‍ നിലത്തു വീണു. സ്‌നേഹയുടെ നിലവിളി ഗോകുലിന്റെ വലം കയ്യില്‍ തട്ടി നിശ്ശബ്ദമായി.
രവിശങ്കര്‍ പുസ്തകം വായിക്കുകയാണ്.
അനില്‍ദത്ത് ഗോകുലിനെ വലിച്ചുയര്‍ത്തി കസേരയിലിരുത്തി. അലമാര തുറന്ന് പ്ലാസ്റ്റിക് കയറെടുത്ത് ബലിഷ്ഠമായി വരിഞ്ഞു മുറുക്കി. വായ വലിച്ച് തുറന്ന് കുറെ പഴംതുണികള്‍ തിരുകിക്കയറ്റി. പിന്നീട് വീഡിയോ ക്യാമറ സ്റ്റാന്‍ഡില്‍ ഫോക്കസ് ചെയ്ത് പ്രവര്‍ത്തന ക്ഷമമാക്കി. അടുത്ത കസേരയിലേക്ക് വീണ് ക്ഷീണമകറ്റി.
രവിശങ്കര്‍ ചിന്തിക്കുകയാണ്.
നിലത്തു നിന്ന് കിതപ്പോടെ പ്രശാന്തന്‍ എഴുന്നേറ്റു. അനില്‍ ദത്ത് അയാള്‍ക്ക് കസേര ഒഴിഞ്ഞു കൊടുത്തു. പിന്നീടയാള്‍ വന്യമായ ഒരാക്രോശത്തോടെ നിലത്തേക്ക് കുതിച്ചു. ദുര്‍ബ്ബലമാകുന്ന ഞരക്കങ്ങള്‍...
രവിശങ്കര്‍ മയങ്ങുകയാണ്.
കസേരയില്‍ അനില്‍ദത്താണ്.
രവിശങ്കര്‍ ടെലിവിഷന്‍ കാണുകയാണ്.
കസേരയില്‍ പ്രശാന്തനാണ്.
രവിശങ്കര്‍ പുസ്തകം വായിക്കുകയാണ്.
കസേരയില്‍.... കസേരയില്‍....കസേരയില്‍....
കരുത്തിന്റെ അവസാനത്തെ കണികയും നഷ്ടമായപ്പോള്‍ പ്രശാന്തനും അനില്‍ദത്തും വേച്ച് വേച്ച് രവിശങ്കറിനടുത്തേക്ക് നടന്നു. പ്രശാന്തന്‍ അയാള്‍ക്ക് മുകളിലേക്ക് ചാഞ്ഞുകൊണ്ട്  പറഞ്ഞു. ""കലകാരാ, ആസ്വാദകാ എഴുന്നേല്‍ക്ക്, പോകാം.''
ഇരുവരും ചേര്‍ന്ന് രവിശങ്കറെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഇരുവശത്തു നിന്നും അയാളുടെ തോളില്‍ കൈവച്ച് ശരീരം നേരെ നിര്‍ത്തി വാതിലിനടുത്തേക്ക് നടന്നു. ഒരു നിമിഷം നിന്ന രവിശങ്കര്‍ കാല്‍കൊണ്ട് സാരി ഉയര്‍ത്തി സ്‌നേഹയുടെ ശരീരത്തേക്കിട്ടു. അയാള്‍ വാതില്‍ തുറന്നു.  പുറത്തേക്കിറങ്ങും മുമ്പ് പ്രശാന്തനും അനില്‍ദത്തും കുഴഞ്ഞു മറിയുന്ന നാവുകൊണ്ട് ഉച്ചത്തില്‍ പാടാന്‍ തുടങ്ങി.
ജനഗണമന അധിനായക ജയഹേ
ഭാരതഭാഗ്യവിധാതാ....
പുറത്തിറങ്ങി വാതില്‍ ശക്തിയായി വലിച്ചടച്ച് അവര്‍ മുന്നോട്ട് നീങ്ങി.
...മംഗല ദായക ജയഹേ
ഭാരത ഭാഗ്യവിധാതാ!

(1999)

2009, ഡിസംബർ 29, ചൊവ്വാഴ്ച

കഥ :നഗരത്തില്‍ സംഭവിക്കുന്നത്

""സര്‍ പ്ലീസ് കം ഇന്‍'' നിറഞ്ഞ പുഞ്ചിരിയോടെ ചെറുപ്പക്കാരന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു. വിനയവും ആദരവും കലര്‍ന്ന ക്ഷണം ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് പ്രതിരോധിക്കാനായില്ല. എന്റെ അനുകൂലഭാവം കണ്ടതോടെ ഒരു പ്രസംഗം പോലെ അയാള്‍ ആരംഭിച്ചു. ""നോക്കൂ സാര്‍, അഞ്ഞൂറോളം ഡിസൈനുകളില്‍, പാദങ്ങള്‍ക്കിണങ്ങിയ വര്‍ണ്ണങ്ങളില്‍ എത്രയെത്ര ചെരിപ്പുകളാണ്. തീര്‍ച്ചയായും സാറന്വേഷിക്കുന്ന ചെരിപ്പ് ഇതിനുള്ളിലുണ്ട്. കയറിവരണം സാര്‍. സാറിനിഷ്ടമുള്ളത് തെരഞ്ഞെടുക്കാം.''


ചെരിപ്പുകള്‍ നിരനിരയായി അടുക്കിയിട്ടുള്ള അലമാരകള്‍ക്കുമുന്നില്‍ എന്നെക്കൊണ്ടു നിര്‍ത്തിയശേഷം ചെറുപ്പക്കാരന്‍ പറഞ്ഞു: ""സര്‍, കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം. ലാഭം ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല സര്‍.'' അപ്പോഴേക്കും മറ്റൊരു ചെറുപ്പക്കാരനും യുവതിയും എന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചിരുന്നു.

""സര്‍, അങ്ങയ്ക്കിഷ്ടമുള്ളത് ഇവരുടെ സഹായത്തോടെ തെരഞ്ഞെടുക്കാം.'' അതും പറഞ്ഞ് അയാള്‍ വീണ്ടും കടയുടെ മുന്‍വശത്തേക്ക് പോയി.

""പ്ലീസ് കം ഇന്‍ സര്‍'' അയാളുടെ ശബ്ദം പുറത്ത് ആവര്‍ത്തിക്കാന്‍ തുടങ്ങി.

സത്യത്തില്‍ ഇത്രയും അനിച്ഛാപൂര്‍വ്വമായ ഒരു നാടകം പോലെ സംഭവിക്കുകയായിരുന്നു. രണ്ട് സുരക്ഷാഭടന്മാര്‍ക്ക് നടുവില്‍ തടവിലാക്കപ്പെട്ട കുറ്റവാളിയുടെ അനുഭവം പൊടുന്നനെയാണ് എന്റെ മനസ്സിലേക്ക് കടന്നുവന്നത്. ഈ വിശാലമായ ഷോറൂമിനുള്ളില്‍ ഞെങ്ങിഞെരുങ്ങിയ ചെരിപ്പുകള്‍ക്കു മുന്നില്‍ ഞാനെന്തിനാണു നില്‍ക്കുന്നത്? അതിനുള്ളിലെ തണുത്ത അന്തരീക്ഷവും അപരിചിത മുഖങ്ങളും പോപ്പ് മ്യൂസിക്കിന്റെ പതിഞ്ഞ താളവും എല്ലാം ചേര്‍ന്ന് എന്നെ വീര്‍പ്പു മുട്ടിച്ചു. മാത്രവുമല്ല എനിക്കിപ്പോഴൊരു ചെരിപ്പിന്റെ ആവശ്യവുമില്ല. ഒരാഴ്ച തികഞ്ഞിട്ടില്ല പുതിയൊരു ചെരിപ്പ് വാങ്ങിയിട്ട്. ഇങ്ങോട്ടു കയറാന്‍ തോന്നിയ ആ നിമിഷത്തെ ഞാന്‍ ശപിച്ചു. എനിക്കിരുവശവും നിന്നിരുന്നവരില്‍ അക്ഷമയുടെ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പെട്ടെന്ന് ഞാന്‍ ഇരുവരുടെയും മുഖത്തേയ്ക്ക് മാറിമാറി നോക്കിപ്പറഞ്ഞു. ""എക്‌സ്ക്യൂസ് മീ. ഒരബദ്ധം പറ്റിയതാണ്. ഞാന്‍ പുറത്തേക്ക് പോകട്ടെ.''

""സര്‍'' പെണ്‍കുട്ടി പറഞ്ഞു തുടങ്ങി. ""അങ്ങയ്ക്കിഷ്ടമുള്ള ഡിസൈനുകള്‍ ഇവിടെ നിന്നു തെരഞ്ഞെടുക്കാം. സാര്‍ കരുതുന്നതുപോലെ ഈ കാണുന്ന മുറി മാത്രമല്ല ഉള്ളത്. ഇതാ അകത്തേക്ക് ഇനിയും മുറികളുണ്ട്. നാനാതരത്തിലുള്ള പാദരക്ഷകളുടെ അത്ഭുതലോകം. വരൂ സര്‍, തീര്‍ച്ചയായും അങ്ങയ്ക്കിണങ്ങുന്നത് അവിടുണ്ട്. പ്ലീസ്.'' അവള്‍ അകത്തേക്ക് കൈനീട്ടി നടന്നു തുടങ്ങി.

""പക്ഷേ ഞാനിട്ടിരിക്കുന്നത് പുതിയ ചെരിപ്പാണല്ലോ. മാത്രവുമല്ല വീണ്ടുമൊരെണ്ണം വാങ്ങാനുള്ള തയ്യാറെടുപ്പിലല്ല ഞാന്‍ വന്നിരിക്കുന്നതും.''

""സര്‍, ഇത് ഒരാഴ്ച മുമ്പുള്ള ഫാഷനാണ്. ഇപ്പോള്‍ ഒരു ചെരിപ്പിന്റെ ഫാഷന്‍ടൈം പരമാവധി രണ്ടാഴ്ചയാണ്. മിക്കവാറും അതിനുമുമ്പു തന്നെ അത് ഔട്ടായിക്കഴിയും. സാറിന്റെ ചെരിപ്പ് ഔട്ട് ഓഫ് ഫാഷന്‍ ആയിക്കഴിഞ്ഞു.'' ചെറുപ്പക്കാരനാണ് സംസാരിച്ചത്.

പക്ഷേ എന്തുകൊണ്ടും ഒരു ചെരിപ്പ് വാങ്ങാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല ഞാന്‍.

""അകത്തേക്ക് പോകാം സാര്‍.'' അതും പറഞ്ഞ് ചെറുപ്പക്കാരന്‍ കടയിലെത്തിയ ഒരു സ്ത്രീയുടെ സമീപത്തേക്ക് തിരക്കിട്ട് നടന്നു നീങ്ങി. ഞാന്‍ അവിചാരിതമായാണ് ക്യാഷ് കൗണ്ടറിലിരിക്കുന്ന തടിച്ച മനുഷ്യനെ ആ സമയം കണ്ടത്. അയാള്‍ ഞങ്ങളുടെ സംഭാഷണം മുഴുവന്‍ ശ്രദ്ധിക്കുകയായിരുന്നു. ഒരിറച്ചിവെട്ടുകാരന്റെ ഭാവമായിരുന്നു അയാള്‍ക്ക്. തടിച്ചു തൂങ്ങിയ ഇളം ചുവപ്പാര്‍ന്ന ചുണ്ടും നെറ്റിയില്‍ ഏതോ മുറിവേറ്റതിന്റെ പാടും. ആകെക്കൂടി ഭയാനകമായ രൂപം. ഞങ്ങളുടെ കണ്ണുകള്‍ ഒരു നിമിഷമേ ഇടഞ്ഞുള്ളൂ. അയാളുടെ തറപ്പിച്ച നോട്ടത്തിനു മുന്നില്‍ ഞാന്‍ ചൂളിപ്പോയി. പെട്ടെന്ന് ഒരുള്‍ത്തള്ളല്‍ പോലെ ഞാന്‍ പെണ്‍കുട്ടിക്ക് പിന്നാലെ അകത്തേക്ക് നടന്നു. വിശാലമായ മുറി. നാലുവശവും നാനാ തരം ചെരിപ്പുകള്‍ കൊണ്ടലംകൃതമായ സ്റ്റാന്റുകള്‍. ഒരുവശത്ത് സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക്. എന്നോടൊപ്പം നിന്ന ചെറുപ്പക്കാരന്‍ അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. അയാള്‍ എന്നെ കണ്ടെങ്കിലും ശ്രദ്ധിച്ചതേയില്ല.

""സര്‍, മെന്‍സ്‌ചോയ്‌സ് അവിടെയാണ്.'' എതിര്‍വശത്തുള്ള ഷോകേസിലേക്ക് വിരല്‍ ചൂണ്ടി പെണ്‍കുട്ടി പറഞ്ഞു. യന്ത്രംപോലെ ഞാന്‍ അവളോടൊപ്പം അങ്ങോട്ട് നീങ്ങി.

അവള്‍ വിവിധതരം ചെരിപ്പുകള്‍ എന്റെ മുന്നില്‍ നിരത്താന്‍ തുടങ്ങി. ഓരോന്നിന്റെയും മഹത്വം വര്‍ണ്ണിച്ചു. ഓരോ വാക്യവും പറഞ്ഞശേഷം അവള്‍ എന്റെ മുഖത്തേക്ക് ശ്രദ്ധിച്ചു. എന്റെ നിര്‍വികാര ഭാവം അവളെ നിരാശപ്പെടുത്തുന്നുണ്ടാകണം. ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന ബോധം തന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു. പെട്ടെന്നവള്‍ ആഹ്ലാദവതിയായി കയ്യില്‍ തവിട്ടു നിറത്തിലുള്ളൊരു ഷൂവുമായി എന്റെ അടുത്തേക്കു വന്നു. അവളുടെ മുഖത്ത് പുതിയൊരാവേശവും തിളക്കവും ഞാന്‍ കണ്ടു. അടുത്തു കിടന്ന കസേര ചൂണ്ടി അവള്‍ പറഞ്ഞു. ""ഇരിക്കൂ സര്‍.'' വിട്ടൊഴിഞ്ഞിട്ടില്ലാത്ത അമ്പരപ്പിനിടയില്‍ അവിടെ നടക്കുന്നതൊന്നും എന്റെ ബോധത്തില്‍ വ്യക്തമായി പതിച്ചിരുന്നില്ല. എന്റെ നിശ്ചലത കണ്ട അവള്‍ ഇരുകൈകളിലും പിടിച്ച് കസേരയിലിരുത്തി. എന്നിട്ട് സ്‌നേഹമസൃണമായ അധികാരത്തോടെ കാലില്‍ കിടന്ന ചെരിപ്പുകള്‍ ഊരിമാറ്റി. പകരം അവള്‍ കൊണ്ടുവന്ന ഇളം ചുവപ്പു നിറത്തിലുള്ള സോക്‌സുകള്‍ കാലിലേക്കിട്ടു. പിന്നെ ഷൂസും. വിധേയത്വത്തോടെ നോക്കിയിരിക്കാനല്ലാതെ ഒന്നു പ്രതിഷേധിക്കാന്‍ പോലും എനിക്കായില്ല. ഷൂസിന്റെ ട്വൊയിന്‍ ബന്ധിച്ചശേഷം അല്‍പ്പം അകന്നു നിന്ന് നിരീക്ഷിച്ച് അവള്‍ ചൊടിയോടെ പറഞ്ഞു.

""സര്‍, ഇതുതന്നെയാണ് ഞാന്‍ അങ്ങേയ്ക്കുവേണ്ടി തെരഞ്ഞെു നടന്നത്. നോക്കൂ. ഏറ്റവും പുതിയ പ്രോഡക്ടാണ്. മുന്നൂറു ജോഡികള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് കിട്ടിയതോ വെറും പതിനാല് ജോഡികള്‍. ഇതാ, ഇതവസാന ജോഡിയാണ്. നോക്കൂ സാറിന്റെ കാലുകള്‍ക്ക് ഇതെത്രമാത്രം അനുയോജ്യമാണെന്ന്.''

എന്റെ ദയനീയമായ നോട്ടം തീര്‍ച്ചയായും അവള്‍ ശ്രദ്ധിച്ചിരിക്കും. എന്തോ ഓര്‍ത്തിട്ടെന്നപോലെ അവള്‍ പറഞ്ഞു. ""ങ്ഹാ, ഞാനതോര്‍ത്തില്ല. ഈ ഷൂസിന് സ്‌പെഷ്യല്‍ റിഡക്ഷനുണ്ട് സര്‍. രണ്ടര ശതമാനം. ഇന്നഞ്ചു മണിക്ക് റിഡക്ഷന്‍ അവസാനിക്കും. സാര്‍ ഇനി കൗണ്ടറിലേക്ക് പൊയ്‌ക്കോളൂ. ഞാന്‍ ബില്ലുതരാം.''

എന്റെ ചെന്നികളില്‍ പൊടിഞ്ഞുതുടങ്ങിയ വിയര്‍പ്പ് ചാലുകളായി താഴേക്ക് ഒഴുകാന്‍ തുടങ്ങി. ശീതീകരിക്കപ്പെട്ട മുറിയാണെങ്കിലും ശരീരത്തിന്റെ ഊഷ്മാവ് ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പേഴ്‌സില്‍ ആകെയുള്ളത് ചില മുഷിഞ്ഞ നോട്ടുകള്‍ മാത്രമാണ്. ഇനിയുമിങ്ങനെ മൗനം പാലിക്കാനാകില്ല. എത്ര ധൈര്യം സംഭരിച്ചിട്ടും നാവിന് ശക്തി കിട്ടുന്നില്ല. പെണ്‍കുട്ടി ബില്‍ബുക്കിനടുത്തേക്ക് നടക്കുന്നു. പൊടുന്നനെ ഞാന്‍ എവിടെ നിന്നോ നേടിയ ശക്തിയോടെ പറഞ്ഞു: ""നില്‍ക്കൂ.'' എന്നിട്ട് അതിവേഗം കാലിലെ ഷൂസും സോക്‌സും ഊരിമാറ്റി.

""പ്ലീസ്, സഹോദരി. ഞാന്‍ ആശുപത്രിയിലേക്ക് പോകുന്നവഴിയാണ്. കുട്ടിക്ക് മരുന്നുവാങ്ങാനുള്ള തുച്ഛമായ പണമാണ് കയ്യില്‍. അറിയാതെ ഞാന്‍ ഇതിനുള്ളില്‍ പെട്ടുപോയതാണ്. പിന്നീടൊരിക്കല്‍ ഇതു വാങ്ങിക്കോള്ളാം. പ്ലീസ്... എന്നെ പോകാനനുവദിക്കണം.''

ഒരു സാധാരണ സെയില്‍സ് ഗേളിനു മുന്നില്‍ അത്രയേറെ വിനീതനാകേണ്ടി വന്നതിലെ കുറ്റബോധം എന്നെ ശല്യപ്പെടുത്താതിരുന്നില്ല. പക്ഷേ അവളുടെ മുഖം ഇത്രവേഗം ഇരുണ്ടുപോകുന്നതെന്തിനാണ്? അവള്‍ ഇത്രമാത്രം അസ്വസ്ഥയാകുന്നതെന്തിന്? കസ്റ്റമര്‍ക്ക് അയാളുടെ സ്വാതന്ത്ര്യമില്ലേ? സാധനമാവശ്യമില്ലെങ്കില്‍ വാങ്ങുന്നില്ല. അത്ര തന്നെ. അതിന് ഈ പെണ്‍കുട്ടി ഇത്രമാത്രം അലോസരപ്പെടുന്നതെന്തിന്? അവള്‍ ആരെയോ ഭയപ്പെടുന്നതുപോലുണ്ട് മുഖം കണ്ടാല്‍.

ഞങ്ങള്‍ക്കിടയില്‍ മൗനം നിശ്ശബ്ദമായൊരു വിലാപമായി. ഏതോ ഗുഹാമദ്ധ്യത്തില്‍ പെട്ട് വഴിതെറ്റിയവനായി ഞാന്‍ പുറത്തേക്ക് നീങ്ങാന്‍ പോലും കഴിയാതെയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ നേരിയ ചൂടുള്ള കൈപ്പത്തി എന്റെ വലംകയ്യിലമര്‍ന്നപ്പോള്‍ ഒരു ഞെട്ടലോടെയാണ് ബോധത്തിലേക്കുണര്‍ന്നത്. അവള്‍ കൈപിടിച്ചെഴുന്നേല്‍പ്പിച്ചു. ചോദ്യരൂപത്തില്‍ നോക്കിയ എന്നോട് ഹൃദ്യമായൊരു പുഞ്ചിരിയോടെ ഒപ്പം ചെല്ലാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ അനുസരണയുള്ള കുട്ടിയെപ്പോലെ പിന്നാലെ നടന്നു. മറ്റൊന്നും അപ്പോഴെനിക്ക് തോന്നിയില്ല. ഷെല്‍ഫുകള്‍ക്ക് പിന്നിലൂടെ പ്രവേശിച്ചത് ഇടുങ്ങിയ മറ്റൊരു മുറിയിലേക്ക്. ഒരു കട്ടിലും കസേരയും പൊട്ടിക്കാത്ത ഷാമ്പേന്‍കുപ്പിയും ചില ഗ്ലാസ്സുകളും മേശപ്പുറത്തിരിക്കുന്നു. ഞാന്‍ അമ്പരപ്പോടെ ചുറ്റുപാടും നോക്കുമ്പോഴേക്കും അവള്‍ വാതില്‍ അടച്ചു കഴിഞ്ഞിരുന്നു. പിന്നീട് പെണ്‍കുട്ടി തികച്ചും വ്യത്യസ്തയാവുകയായിരുന്നു. അവളുടെ ചിരിയില്‍ വശ്യതയും മാദകത്വവും നിറഞ്ഞു. എന്റെ കവിളില്‍ അവളുടെ കൈവിരലുകള്‍ നേരിയ തലോടലായി പതിഞ്ഞു. പിന്നെ വളരെവേഗമാണ് അവളുടെ കൈവിരലുകള്‍ ചലിച്ചത്. ധരിച്ചിരുന്ന മിഡിയും ടോപ്പും അതിവേഗം അവള്‍ ഊരിയെറിഞ്ഞു. വെളുത്തുതുടുത്തു വൈദ്യുതി പ്രവഹിക്കുന്ന ശരീരം. ഇപ്പോള്‍ അടിവസ്ത്രങ്ങള്‍ അവളുടെ ശരീരത്തിന് ദിവ്യമായൊരലങ്കാരം പോലെ തോന്നി. അര്‍ദ്ധനിമീലിതമായ കണ്ണുകളോടെ പതിഞ്ഞ സ്വരത്തില്‍ അവള്‍ വിളിച്ചു ""സര്‍''

ഏതോ ശ്മശാനത്തിനു നടുവില്‍ ഒറ്റപ്പെട്ട പ്രതീതിയായിരുന്നു അപ്പോള്‍ എനിക്ക്.

അവള്‍ എന്റെ കൈക്കു പിടിച്ച് കട്ടിലിലിരുത്തി.

വാക്കുകള്‍ നാവിന്‍തുമ്പില്‍ മരിച്ചുകിടക്കുന്നത് ഞാനറിഞ്ഞു. എന്റെ നിര്‍വ്വികാരത കണ്ട് അവള്‍ അത്ഭുതപ്പെടുന്നുണ്ടെന്ന് മനസ്സിലായി. കിടക്കയില്‍ ഒപ്പം ചേര്‍ന്നിരുന്നുകൊണ്ട് അവള്‍ എന്റെ കൈകളെടുത്ത് മാറിടത്തിലമര്‍ത്തി. പൊടുന്നനെ പൊള്ളലേറ്റിട്ടെന്നപോലെ ഞാന്‍ കൈ പിന്‍വലിച്ചു. എന്റെ സിരകളില്‍ നിന്നും വികാരത്തിന്റെ ആലക്തിക തരംഗങ്ങള്‍ എവിടെയോ പോയൊളിച്ചു. ഭയത്തിന്റെ ശൈത്യവാതം എന്നെ പൂര്‍ണ്ണമായും കീഴടക്കുകയായിരുന്നു. എല്ലാ ശ്രമങ്ങളും അസാദ്ധ്യമായതോടെ അവളുടെ മുഖം വീണ്ടും അസ്വസ്ഥമാകുന്നത് ഞാനറിഞ്ഞു. ക്രമേണ അത് ഭീതി കലര്‍ന്ന ഒരു തരം ദൈന്യമായി പരിണമിച്ചു. പിന്നെ ഒരു വിലാപം പോലെയായിരുന്നു അവള്‍ സംസാരിച്ചത്.

""സര്‍, അങ്ങയ്ക്കിപ്പോള്‍ എന്റെമേല്‍ പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്. എന്തും ചെയ്യാം. പക്ഷേ അങ്ങൊരു പുതിയ ചെരിപ്പ് വാങ്ങണം.''

ദുരൂഹതകളും പിടികിട്ടായ്മകളും നിറഞ്ഞ കണ്ണുകളോടെ ഞാന്‍ അവള്‍ക്കുനേരെ മുഖമുയര്‍ത്തി.

""സര്‍, കിട്ടുന്ന ശമ്പളം ഒരാള്‍ക്ക് ജീവിക്കാന്‍ പോലും തികയില്ല. വലിയൊരു കുടുംബത്തിന്റെ ഭാരം ചുമലിലുണ്ട് സാര്‍. ഇവിടെ അകത്തേക്ക് വരുന്ന ഒരു കസ്റ്റമര്‍ വെറും കയ്യോടെ മടങ്ങിപ്പോകാന്‍ പാടില്ലെന്നാണ് നിയമം. അങ്ങനെ സംഭവിച്ചാല്‍ അയാളെ ട്രീറ്റു ചെയ്യുന്ന സെയില്‍സ് ഗേള്‍ ഫൈനടയ്‌ക്കേണ്ടിവരും. ഒരു പ്രാവശ്യത്തെ ഫൈന്‍ ശമ്പളത്തിന്റെ നാലിലൊന്നാണ് സര്‍. സ്വയം രക്ഷിക്കാന്‍ എനിക്കിതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല സര്‍... പ്ലീസ്. സര്‍...''

അവളുടെ കണ്‍തടങ്ങളില്‍ നിന്നൊഴുകിയ നീര്‍ച്ചാലുകള്‍ എന്റെ ഹൃദയഭിത്തികളെ ഭേദിച്ച് കയറുന്നതുപോലെ തോന്നി. അല്‍പ്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അവള്‍ വസ്ത്രം ധരിച്ചു. ""സര്‍, ഇനി ഞാന്‍ അങ്ങയുടെ ഇഷ്ടത്തിനു വിടുന്നു.'' അവള്‍ മുറി തുറന്ന് പുറത്തേയ്ക്കിറങ്ങി.

നിസ്സഹായതയുടെ തുരുത്തിലിരുന്ന് ഞാന്‍ പുകഞ്ഞു. കാലിലെ അദൃശ്യബന്ധനങ്ങളഴിച്ച് ഞാന്‍ മുറിക്കു പുറത്തിറങ്ങി. പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന പെണ്‍കുട്ടി.

ആ കണ്ണുകളില്‍ അര്‍ത്ഥനയുടെ മഹാകാവ്യം.

കര്‍മ്മബോധത്തിന്റെ തീവ്രാവേശം എന്നില്‍ പിടഞ്ഞെണീറ്റു.

""സോറി, അയാം റിയലി സോറി.'' പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കാതെ അവള്‍ കേള്‍ക്കാന്‍പാകത്തില്‍ പറഞ്ഞു കൊണ്ടു ഞാന്‍ കഴിയുംവേഗം മുറിവിട്ടിറങ്ങി. ക്യാഷ്കൗണ്ടറിലിരുന്ന തടിയന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.

""ചെരിപ്പ് വാങ്ങിയില്ലേ?''

""ഇല്ല. ഇനിയൊരിക്കലാകാം.'' ഞാന്‍ വെമ്പലോടെ പറഞ്ഞു തീരും മുമ്പേ അയാളൊന്നു പൊട്ടിച്ചിരിച്ചു. പുറത്തേക്കു നടക്കാന്‍ തുടങ്ങിയ എന്റെ ചുമലില്‍ അയാള്‍ ബലമായി പിടിച്ചുനിര്‍ത്തി.

""നില്‍ക്കണം മിസ്റ്റര്‍. നിങ്ങള്‍ മണിക്കൂറുകളോളം ഞങ്ങളുടെ സെയില്‍സ് ഗേളുമായി ചുറ്റിക്കറങ്ങി. അത്രയും സമയം അവള്‍ക്ക് മറ്റ് കസ്റ്റമേഴ്‌സിനെ ഡീലു ചെയ്യാന്‍ കഴിയാത്തതിന്റെ അസൗകര്യം ഞങ്ങള്‍ക്കുണ്ടായി. ഈ നേരമെല്ലാം എ.സി. വര്‍ക്കു ചെയ്തത് നിങ്ങള്‍ക്കു വേണ്ടികൂടിയാണ്. ഇവയുടെ നഷ്ടം ഞങ്ങള്‍ എങ്ങനെയാണ് നികത്തേണ്ടത്?മാത്രവുമല്ല, കൗമാരം കടക്കുക മാത്രം ചെയ്തിട്ടുള്ള ഒരു പെണ്‍കുട്ടിയോടൊപ്പം സഹശയനം നടത്തുക എന്ന അപൂര്‍വ്വഭാഗ്യവും നിങ്ങള്‍ക്കുണ്ടായി. അതിനുതന്നെവലിയൊരു തുക തരേണ്ടതുണ്ട്. ചെരിപ്പു വേണ്ടെങ്കില്‍ ഇവയെല്ലാം അടച്ചിട്ട് നിങ്ങള്‍ പൊയ്‌ക്കോളുക.''

ഇപ്പോള്‍ എന്റെ ശരീരം വിയര്‍ക്കുന്നില്ല. പകരം അമിതമായി ശീതീകരിക്കപ്പെടുന്നു. ക്രമേണ ഞാന്‍ ചേതന നഷ്ടപ്പെട്ട വെറും ശരീരം മാത്രമാവുകയായിരുന്നു. ആരൊക്കെയോ വരുന്നതും എന്റെ പേഴ്‌സ് കൈക്കലാക്കുന്നതും പണമെണ്ണി നോക്കുന്നതും ഉച്ചത്തിലുയര്‍ന്ന തെറിവിളിയോടെ ആരുടെയോ കൈത്തലം ചെകിടത്ത് പതിഞ്ഞതും അവ്യക്തമായ ഒരോര്‍മ്മ പോലെയുണ്ട്...

നേരമെന്തായിക്കാണും? ദേഹമാകെ വേദനിക്കുന്നു. നിലത്തു നിന്ന് മെല്ലെ എഴുന്നേല്ക്കാന്‍ ശ്രമിച്ചു. കാല്‍ച്ചുവട്ടില്‍ ഊരിയിട്ട ചെരിപ്പുകള്‍. ഹാളിലാകെ ഇരുണ്ട വെളിച്ചം. ശബ്ദമെല്ലാം ഒഴിഞ്ഞിരിക്കുന്നു. കട പൂട്ടിയോ? ആയാസപ്പെട്ട് ചെരിപ്പുകള്‍ ധരിച്ചുമുന്നില്‍ കണ്ട വാതിലിലൂടെ മുറിവിട്ടിറങ്ങി. പക്ഷേ-

എത്തിയത് പുതിയൊരു ഹാളില്‍. നാലു വശത്തും അട്ടിയായി അടുക്കിയിരിക്കുന്ന ചെരിപ്പുകളുടെ കൂമ്പാരം. അവയുടെ മനംമടുപ്പിക്കുന്ന ഗന്ധം. ഒരു വാതില്‍ക്കൂടി പിന്നിട്ടു.

വീണ്ടുമൊരു മുറി!

പിന്നെയും പിന്നെയും വാതിലുകള്‍ പിന്നിട്ടു. വീണ്ടും വീണ്ടും. പുതിയ മുറികള്‍. വിചിത്രമായ പാദരക്ഷകളുടെ അവസാനമില്ലാത്ത ലോകം.

പുറത്തേയ്ക്കുള്ള വഴിയെവിടെയാണ്?

ഈശ്വരാ! ഇതെന്തൊരു നരകമാണ്.

ഇപ്പോള്‍ എല്ലാ ഹാളുകള്‍ക്കും അനേകം വാതിലുകള്‍. മുന്നില്‍ കണ്ട വാതിലുകള്‍ ഒന്നൊന്നായി തുറന്നു പുറത്തേക്കിറങ്ങി. പക്ഷേ കടക്കുന്നത് അകത്തേയ്ക്ക്!

വീണ്ടും വീണ്ടും വാതിലുകള്‍ തുറന്നു. ഒന്ന് തുറന്ന്, മറ്റൊന്ന് തുറന്നു, വേറൊന്നു തുറന്ന്...

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കഥ : ഉപഗുപ്തം

 നഗരത്തിലെ സിനിമാതീയേറ്ററിലെ ക്യൂവില്‍ നില്‍ക്കുകയായിരുന്നു കരുണയിലെ വാസവദത്തയും നളിനിയിലെ നായികയും
"എങ്കിലും ഈ ആണുങ്ങളുടെ മനസ്‌ വല്ലാത്തതാണ്‌" ദിവാകരനെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു കൊണ്ട്‌ നളിനി പറഞ്ഞു.
"ഞാനെത്രയൊക്കെ താണുകേണു പറഞ്ഞതാ, മൂശേട്ടാ!" ഒന്നു നിര്‍ത്തി വാസവദത്തയുടെ മുഖത്തേയ്ക്കു നോക്കി നളിനി തുടര്‍ന്നു, "നിന്റെയും അനുഭവം ഇതു തന്നെയായിരുന്നില്ലേ?"
"ഹേയ്‌, എന്റെ പ്രശ്നത്തിനു കാരണം ഞാന്‍ തന്നെയായിരുന്നു." ചോദ്യരൂപത്തില്‍ തന്നെ നോക്കുന്ന നളിനിയോടായി വാസവദത്ത തുടര്‍ന്നു. "തോഴിയെ പറഞ്ഞയയ്ക്കാതെ ഞാന്‍ തന്നെ പോയിരുന്നെങ്കില്‍ ഉപഗുപ്തന്‍ വരുമായിരുന്നു. തീര്‍ച്ച അന്ന്‌ വരാന്‍ കഴിയാത്ത കുറ്റബോധം കൊണ്ടല്ലേ ചുടുകാട്ടില്‍ വന്ന്‌ എന്റെ മുന്നിലിരുന്ന്‌ അയാള്‍ കരഞ്ഞത്‌."

2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

കഥ : പ്രോട്ടോണ്‍കണ്ണ്

കന്റെ നെറുകയില്‍ അവസാനത്തെ ചുംബനം നല്‍കുമ്പോള്‍ കണ്ണുകള്‍ നിറയാതിരിക്കാന്‍ അരുന്ധതി പണിപ്പെട്ടു. അമ്മയുടെ മുഖത്തെ അസാധാരണത്വം കണ്ട കുട്ടിയുടെ ആശങ്ക ഒരു ചുംബനമായി അമ്മയിലേക്ക് പടര്‍ന്നു. കാര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ അച്ഛന്റെ ചുമലിലേക്ക് കുട്ടി അറിയാതെ ചാരി. പിതൃത്വത്തിന്റെ നിറവില്‍ ഡോക്ടര്‍ പ്രവീണ്‍നാരായണ്‍ അവനെ തന്നോട് ചേര്‍ത്തു പിടിച്ചു.
''അച്ഛാ-''
അയാളുടെ നോട്ടത്തിലെ താല്പര്യമില്ലായ്മ കണ്ടിട്ടാകാം കുട്ടി പൊടുന്നനെ നിര്‍ത്തി.
ഭയപ്പെട്ടെന്നോണം പിന്നിലേക്കോടിമറയുന്ന കാഴ്ചകളില്‍ നിന്ന് ദൃഷ്ടിമാറ്റി അയാള്‍ ഏതോരോഗാതുരസ്വപ്നങ്ങളില്‍ വ്യാപൃതനായി.
എന്നു മുതലാണ് തന്റെ സ്വപ്നങ്ങളില്‍ രോഗനീലിമ പടര്‍ന്നത്?
എത്രയോ പേരുടെ ഹൃദയങ്ങള്‍ ഈ കൈകളിലിരുന്ന് മിടിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്, ഹൃദയത്തിലെവിടെയാണ് സ്‌നേഹത്തിന്റെ കോശസ്തരം.
ഓരോ ശസ്ത്രക്രീയാവേളയിലും സ്‌നേഹത്തിന്റെ ന്യൂറോണുകള്‍ എവിടെയെന്നന്വേഷിക്കുന്ന ഒരേയൊരു കാര്‍ഡിയോളജിസ്റ്റ്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് തനിക്കെന്തോ തകരാറ് പറ്റിയിട്ടില്ലേ?
''അച്ഛാ, ഇന്നലെ ആനന്ദ് നല്ല ഫോമിലായിരുന്നു അല്ലേ.''
''ഉം.'' അവനെപ്പോഴും വിശ്വനാഥ് ആനന്ദും കാസ്പറോവും കാര്‍പോവും മാത്രമേയുള്ളു. അവന്റെ ശിരസ്സ് സങ്കീര്‍ണ്ണമായൊരു ചെസ്സ്‌ബോര്‍ഡാണ്. അവിടെ സദാ തന്ത്രപരമായ നീക്കങ്ങളും വെട്ടിമാറ്റലുകളും നടന്നുകൊണ്ടിരിക്കുന്നു.
വാഹനം കണ്ണില്‍ നിന്നു മറഞ്ഞിട്ടും അരുന്ധതി തിരികെ നടന്നില്ല. ഏഴുവര്‍ഷമായുള്ള മാതൃത്വത്തിന്റെ നിലയ്ക്കാത്ത പ്രവാഹം ഇതോടെ അസ്തമിക്കുകയാണ്. കഴിഞ്ഞ രാത്രിമുഴുവന്‍ അവര്‍ ഉറങ്ങിക്കിടന്ന മകനെ കെട്ടിപ്പിടിച്ചുകരയുകയായിരുന്നു. സ്വസ്ഥമായുറങ്ങിയിട്ട് ആഴ്ചകളോളമായിരിക്കുന്നു. കുറെ ദിവസങ്ങളായി കണ്ണടയ്ക്കുമ്പോഴേയ്ക്കും ദുഃസ്വപ്നങ്ങളുടെ കടലിരമ്പം. ഒന്നുമറിയാതെ പാവം മകന്‍. അവന്റെ മനസ്സില്‍ എപ്പോഴും കറുപ്പും വെളുപ്പും തമ്മിലുള്ള നിലയ്ക്കാത്ത സമരം. കുതിരയുടെ കുതിപ്പ്. തേരിന്റെ നേര്‍വേഗം. ആനയുടെ കോണിപ്പുകള്‍. കാലാളിന്റെ വീഴ്ചകള്‍. രാജാവിന്റെ തടവറ... പിന്നെ വര്‍ണ്ണങ്ങളുടെ ആകാശമേളനം.
കൊല്‍ക്കത്തയില്‍ വച്ചുനടന്ന ദേശീയ ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച് തിരികെവന്നപ്പോഴാണ് നിര്‍ജ്ജീവ വസ്തുക്കള്‍ പോലെ തൂങ്ങിയാടുന്ന മെല്ലിച്ച കാലുകളില്‍ നോക്കി അവന്‍ ആദ്യമായി ചോദിച്ചത് ''ആരുടെ പാപമാണമ്മേ ഇതിങ്ങനെയാകന്‍?''
അവന്റെ മുന്നില്‍ വച്ച് ആദ്യമായി കണ്ണീരൊഴുക്കിയത് അന്നാണ്. ഓര്‍മ്മയായതു മുതല്‍ അവന്‍ മനസ്സില്‍ സൂക്ഷിച്ച ചോദ്യമായിരിക്കാമത്. വീല്‍ചെയര്‍ സമീപത്തേക്കുരുട്ടി, നിലത്തിരുന്ന തന്റെ ശിരസ്സ് മടിയില്‍ ചേര്‍ത്ത് തലോടി അവന്‍ ആശ്വസിപ്പിക്കുമ്പോള്‍ തേങ്ങലുകള്‍ പൊട്ടിക്കരച്ചിലായി. അവന്റെ ഊഷ്മളമായ തലോടല്‍ ഒരമ്മയുടെ സ്വാന്ത്വനം പോലെ തന്നിലേക്ക് പെയ്തിറങ്ങി.
ആഴ്ചകള്‍ക്കുമുമ്പേ വരച്ചുതുടങ്ങിയ പ്രോട്ടോണ്‍കണ്ണ് എന്ന ചിത്രം അന്നുരാത്രിയാണവന്‍ പൂര്‍ത്തിയാക്കിയത്. ആറ്റത്തിന്റെ രൂപഘടനകൊണ്ട് സൃഷ്ടിച്ച ഒരു ഗുഹ. വലയങ്ങളായി അനന്തതയിലേക്ക് നീങ്ങുന്ന ഗുഹയ്ക്കുള്ളിലേക്ക് ഏതോ കാന്തികബലത്താലെന്നപോലെ പിടിച്ചെടുക്കപ്പെട്ട ഒരു കണ്ണ്. രക്ഷപ്പെടാനുള്ള വ്യഗ്രതയ്ക്കിടയില്‍ വിണ്ടുകീറിത്തുടങ്ങിയ കൃഷ്ണമണി. ഗുഹാമുഖത്തിനുചുറ്റും ഇരുണ്ട വര്‍ണങ്ങളുടെ ക്രമരഹിതമേളനം. എന്തോ അകാരണമായ ഒരു ഭയം ആ ചിത്രം തന്നിലുണര്‍ത്തിയത് അരുന്ധതി ഓര്‍ത്തു. പ്രോട്ടോണ്‍കണ്ണ് എന്ന വിചിത്രമായ പേരിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നിശ്ശബ്ദമായ ഒരു മന്ദഹാസം മാത്രമായിരുന്നു അവന്റെ മറുപടി.
മകനോടൊപ്പമിരുന്ന് സല്ലപിക്കാന്‍ സ്വകാര്യനിമിഷങ്ങള്‍ ലഭിക്കുമായിരുന്നില്ലെങ്കിലും ഡോക്ടര്‍ പ്രവീണ്‍ നാരായണ്‍ അവന്റെ കാര്യങ്ങള്‍ക്ക് കുറവ് വരുത്തിയില്ല. പക്ഷേ അയാളുടെ മനസ്സിലെവിടെയോ അവനുവേണ്ടി തുറക്കാത്ത ഒരു വാതിലുണ്ടെന്ന് അരുന്ധതിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നൂറുകണക്കിന് രോഗികളുടെ ഹൃദയതാളങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രവീണിന്റെ നോട്ടത്തില്‍ ഒരു കൈപ്പിഴയുടെ സന്ദേഹം നിറഞ്ഞിരുന്നില്ലേ? പക്ഷേ അയാളുടെ ആജ്ഞാശക്തിക്കു മുന്നില്‍ അവളെപ്പോഴും നിശബ്ദയായിരുന്നു.
കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പറയുന്ന രീതി പണ്ടേ ഡോക്ടര്‍ പ്രവീണിനില്ല. അയാളെക്കുറിച്ച് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമുള്ള ഒരേ ഒരു പരാതി അതുമാത്രമാണ്. എന്തും വെട്ടിത്തുറന്നു പറയുക. രോഗിയുടെ ആയൂര്‍ദൈര്‍ഘ്യംപോലും. അതേക്കുറിച്ച് പരാതിപ്പെടുമ്പോള്‍ അയാള്‍ പറയും, ''സത്യത്തിന് ശിരോവസ്ത്രമില്ല.'' അരുന്ധതിയോടും അയാള്‍ ആ പരുക്കന്‍ രീതിയിലാണ് കാര്യം അവതരിപ്പിച്ചത്. വല്ലപ്പോഴും കഴിക്കുന്ന മദ്യത്തിന്റെ ആലസ്യത്തിലായിരുന്നില്ല അന്നയാള്‍ സംസാരിച്ചത്.
അന്നുണ്ടായ നടുക്കത്തില്‍നിന്ന് ഇപ്പോഴുമവള്‍ മുക്തയല്ല. ഒരിക്കലും മുക്തി ലഭിക്കുകയില്ലെന്നും അവള്‍ക്കറിയാം.
അവളുടെ മനസ്സില്‍ വീണ്ടും മകന്റെ മുഖം തെളിഞ്ഞു. ഡ്രൈവര്‍ വീല്‍ചെയറില്‍ നിന്നും കാറിലേക്ക് അവനെ എടുത്തിരുത്തുമ്പോള്‍ ഡോക്ടര്‍ പ്രവീണ്‍ നാരായണ്‍ മുഖം തിരിച്ച് മാറിനിന്നതിന്റെ പിന്നിലെ വികാരം എന്തായിരിക്കും?
അവളുടെ കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു.
ഒരിക്കലും മായാത്ത ചിരിനിറഞ്ഞ മകന്റെ മുഖം. എല്ലാ ദുഃഖങ്ങളെയും ഇല്ലാതാക്കുന്ന അവന്റെ ജൈത്രയാത്ര. ഏഴുവയസ്സിനുള്ളില്‍ ചെസ്സുകളിയില്‍ ദേശീയചാമ്പ്യന്‍, ചിത്രരചനയില്‍ ആര്‍ട്ട് ലവേഴ്‌സ് എന്ന രാജ്യാന്തര സംഘടനയുടേതടക്കം നിരവധി ബഹുമതികള്‍. മത്സരങ്ങള്‍... പരീക്ഷകള്‍... തോല്‍വിയറിയാത്ത യാത്ര. പക്ഷേ-
പക്ഷേ അരയ്ക്കു താഴെ പൂര്‍ണ്ണമായും തളര്‍ന്നുപോയ ഒരു മകന്‍ ഇതിലധികം നേടിയാലും സന്തോഷിക്കാന്‍ കഴിയുന്നതെങ്ങനെ?
വിധിയുടെ ദയാരാഹിത്യത്തിന് അരുന്ധതി പൂര്‍ണ്ണമായും കീഴടങ്ങുകയായിരുന്നു. പക്ഷേ ഡോക്ടര്‍ പ്രവീണ്‍നാരായണ്‍-
മകന്റെ പിറവിക്കുശേഷം ആരോടൊ ഉള്ള വാശിതീര്‍ക്കാനെന്നവണ്ണമാണ് അയാളുടെ ജീവിതം.
'അച്ഛാ, തിരികെ വരുമ്പോള്‍ വാട്ടര്‍ കളര്‍ വാങ്ങാന്‍ മറക്കരുത്!'
മകന്റെ വാക്കുകള്‍ അയാളെ ചിന്തയുടെ ലോകത്തുനിന്നും തിരിച്ചു കൊണ്ടുവന്നു. അച്ഛന്റെ മുഖത്ത് എന്തൊക്കെയോ സന്ദേഹങ്ങള്‍ കണ്ടിട്ടാകാം കുട്ടി ചോദിച്ചു. 'അച്ഛാ, എന്തുപറ്റി?'
അയാള്‍ ഒന്നുമില്ലെന്നഭാവത്തില്‍ കണ്ണുകളടച്ചു. പിന്നെ മകന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പെട്ടെന്നുണ്ടായ വികാരത്തള്ളലില്‍ അവനെ മാറോട് ചേര്‍ത്തുപിടിച്ച് കവിള്‍ത്തടത്തില്‍ ചുംബിച്ചു. അതിന്റെ അസ്വാഭികതയില്‍ കുട്ടി അമ്പരന്നിരിക്കവേ, തന്റെ നിറഞ്ഞ കണ്ണുകള്‍ കുട്ടികാണാതിരിക്കാന്‍ അയാള്‍ പുറത്തേക്ക് മുഖം തിരിച്ചു.
കാര്‍ നഗരത്തിന്റെ തിരക്കിലേക്ക് പ്രവേശിച്ചു.
പ്രദര്‍ശനഹാളിന്റെ കവാടത്തിനിരുവശവും അതിസുന്ദരികളായ രണ്ടു യുവതികള്‍ നില്പുണ്ട്. നിങ്ങള്‍ക്കോരോരുത്തര്‍ക്കും ശിരസ്സുകുനിച്ച് അവര്‍ സ്വാഗതമോതും. ആ മുഖത്തേക്കൊന്നു നോക്കിയാല്‍ അവര്‍ വശ്യമായൊരു പുഞ്ചിരി നിങ്ങള്‍ക്കു സമ്മാനിക്കും. നിങ്ങള്‍ ഒരു നിമിഷം സദാചാരവിരുദ്ധമായൊന്നു ചിന്തിച്ചുനോക്കൂ. നിങ്ങളുടെ മുഖത്തെ ഭാവവ്യത്യാസങ്ങളില്‍ നിന്ന് - അത് നേരിയതാണെങ്കില്‍കൂടി- ഉടനവര്‍ പിടിച്ചെടുക്കും. പൊടുന്നനെ അവര്‍ പ്രതിരോധത്തിന് തയ്യാറെടുക്കുകയായി. അറിയാത്ത ഭാവം നടിച്ച് നിങ്ങള്‍ ആ ശരീരത്ത് ഒന്ന് തൊട്ടുനോക്കൂ. ശക്തിയായ ഷോക്കേറ്റ് നിങ്ങളുടെ കൈ തെറിക്കും. കന്യകാത്വം നഷ്ടപ്പെടുത്താനിഷ്ടപ്പെടാത്ത ഈ കമ്പ്യൂട്ടര്‍ ഗേള്‍സിനെ മിശ്രയുടെ കമ്പനിയിലെ ശാസ്ത്രജ്ഞന്മാര്‍ തന്നെയാണ് രൂപപ്പെടുത്തിയത്. കമാനം കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചാല്‍ വിശാലമായ വിശ്രമമുറിയാണ്. അരണ്ട വെളിച്ചവും വീണയുടെയോ പുല്ലാങ്കുഴലിന്റെയോ നേര്‍ത്ത നാദവും അവിടെ സദാ നിറഞ്ഞു നില്‍ക്കും. അവിടേക്ക് കടന്നാല്‍ ഏതോ ഒരതീന്ദ്രിയലോകത്തെത്തുന്ന പ്രതീതിയാണുണ്ടാകുന്നതെന്ന് പലരും മിശ്രയോട് പറയുമ്പോള്‍ അയാള്‍ വിനയാന്വിതനായി ഒന്നു ചിരിക്കും- എല്ലാം ദൈവത്തിന്റെ കൃപ എന്ന ഭാവത്തില്‍.
തെന്നിനീങ്ങാന്‍ ഒരിടമില്ലാതെ പരസ്പരം കെട്ടുപിണഞ്ഞ് ഉച്ഛ്വാസവായുവിന്റെ കനച്ചഗന്ധത്തില്‍ തിരികെടാന്‍ വെമ്പുന്ന നക്ഷത്രത്തിന്റെ അവസാന കണികയെ പിടിച്ചുനിര്‍ത്താന്‍ വെമ്പി അവര്‍ കിടന്നു - ഒരു ഗ്യാസ് ചേമ്പറിലെന്നപോലെ. നിര്‍ജ്ജീവമായ കാലുകള്‍ക്ക് മുകളില്‍ തടിച്ചുവീര്‍ത്ത ഉദരം വിശ്രമിച്ചു. ഇനിയും കഴുത്തുറയ്ക്കാത്ത കുഞ്ഞുങ്ങള്‍ അമ്മിഞ്ഞപ്പാലിനുവേണ്ടി ആരുടെയൊക്കെയോ കാല്‍വിരലുകള്‍ ഈമ്പി. മരണത്തിന്റെ അതിര്‍വരമ്പില്‍ നിന്ന് വിധി വൈപരീത്യത്താല്‍ ജീവിതത്തിലേക്ക് ശിക്ഷിക്കപ്പെട്ട എട്ടുവയസ്സുകാരന്‍ തന്റെ മുകളിലേക്ക് അപ്പോള്‍ എടുത്തെറിയപ്പെട്ട ഏതോ പാഴ്ജീവിതത്തിന്റെ ഭാരംകൊണ്ട് അവസാനമായി പിടഞ്ഞു. ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വായില്‍നിന്നുതിര്‍ന്ന നുരയും പതയും മൂന്നുമാസക്കാരന്‍ നുണഞ്ഞു. ആര്‍ത്തനാദങ്ങള്‍. ഒരിറ്റു ജലത്തിനുവേണ്ടിയുള്ള നിലയ്ക്കാത്ത നിലവിളി. ഞരക്കങ്ങള്‍. നിശ്വാസങ്ങള്‍... ഒന്നും പുറത്തുവരാത്തത്ര സുരക്ഷിതത്വത്തോടെ യാണ് കലാകാരനായ മിശ്ര ഗോഡൗണ്‍ പണിഞ്ഞിരിക്കുന്നത്.
പുതിയസ്റ്റോക്ക് ധാരാളമായെത്തിയിരിക്കുന്നു. എക്‌സ്‌ചേഞ്ച് മേളയിലെ തിരക്ക് സംഘര്‍ഷത്തില്‍ കലാശിച്ചു. ക്ലോണ്‍ ശിശുക്കള്‍ക്ക് വന്‍ഡിമാന്റ്. മേള മുന്നറിയിപ്പില്ലാതെ അവസാനിക്കും. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ടുദിവസം കൂടി നീട്ടിയിരിക്കുന്നു. മേള നാളെ അവസാനിക്കും. ഇന്നവസാനം....
പരസ്യവും വിപണനവും തമ്മിലുള്ള മാന്ത്രിക ഉടമ്പടി മിശ്രയ്ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ സാധ്യതകള്‍ അയാള്‍ പരമാവധി ഉപയോഗിക്കുകതന്നെ ചെയ്തു. തനിക്കീ ബിസിനസ്സ് ലാഭത്തിനുള്ള ഉപാധിയല്ലെന്ന് അയാള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. മറിച്ച് ഏറ്റവും മഹത്തായ ഒരു സാമൂഹ്യസേവനമാണ്. രാജ്യമാസകലം വ്യാപിച്ചുകിടക്കുന്ന വമ്പന്‍ വ്യാപാരശൃംഖലയിലേക്ക് ശ്രദ്ധക്ഷണിച്ചു കൊണ്ടയാള്‍ പറയും ''ലാഭത്തിനാണെങ്കില്‍ എന്റെ സമയം ഇതിനല്ല വിനിയോഗിക്കേണ്ടിയിരുന്നത്.''
കവാടത്തിനുമുന്നില്‍ നിശ്ചലമായ റോള്‍സ് റോയ്‌സില്‍ നിന്നും പ്രവീണ്‍നാരായണ്‍ പുറത്തേക്കിറങ്ങി. അയാള്‍ നേരെ ഉള്ളില്‍ കടന്ന് കൗണ്ടറിലേക്ക് നീങ്ങി. റോബോട്ട്മിശ്ര പതിവിന് വിപരീതമായി തന്റെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് പ്രവീണ്‍നാരായണിന് ഹസ്തദാനം നല്‍കി. അസാധാരണമായ ഒരു പുഞ്ചിരി അയാളുടെ മുഖത്ത് വിടര്‍ന്നു. എല്ലാം നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നു. പേപ്പറുകള്‍ അതിവേഗം ഒപ്പിട്ട് നല്‍കി ചെക്ക് കൈമാറുമ്പോള്‍ മിശ്രയുടെ മുഖത്ത് തെളിഞ്ഞ സംതൃപ്തി പൊടുന്നനെ നിസ്സംഗതയാക്കി മാറ്റാന്‍ അയാള്‍ പണിപ്പെട്ടു.
പ്രവീണ്‍ നാരായണ്‍ കാറിനടുത്തേക്ക് നടന്നു. ഡോര്‍ തുറന്നുപിടിച്ചു. കാറിനടുത്തേക്ക് കൊണ്ടുവന്ന വീല്‍ചെയറിലേക്ക് മകന്റെ ശരീരം താങ്ങിയിരുത്തി. അവന്റെ മുഖത്ത് തെളിഞ്ഞുനിന്ന ജ്ഞാനതേജസ്സുകണ്ട് ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായി. പ്രവീണ്‍ നാരായണ്‍ അവനോട് സ്‌നേഹപൂര്‍വ്വം മന്ത്രിച്ചു. ''നോക്കൂ കുട്ടാ, രണ്ടു ദിവസത്തെ ട്രെയിനിംഗാണ്. ലോകചെസ്സ് രംഗത്തെ ഗ്രാന്റ്മാസ്റ്റര്‍ മാരാണ് ക്ലാസ്സ് നയിക്കുന്നത്. നിനക്കുവേണ്ടി മാത്രം അച്ഛന്‍ വരുത്തിയതാണവരെ. ചെസ്സ്‌കളിയുടെ അവസാന നിഗൂഢതകളും നിനക്കനാവരണം ചെയ്തു തരും അവര്‍. ട്രെയിനിംഗ് കഴിഞ്ഞാല്‍ അച്ഛന്‍ വന്ന് കൂട്ടിക്കൊണ്ടു പോകാം.''
''അച്ഛാ-'' ഏതോ ആശങ്കയുടെ നിവാരണത്തിനായുള്ള അവന്റെ ശ്രമത്തെ തടസ്സപ്പെടുത്തി അയാള്‍ തുടര്‍ന്നു;
''നോക്കൂ, അടുത്തയാഴ്ച നടക്കുന്ന ഇന്റര്‍നാഷണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പോടെ എതിരാളികളില്ലാത്ത ഗ്രാന്റ്മാസ്റ്ററാകും നീ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പര്‍മാന്‍.'' പറഞ്ഞു നിര്‍ത്തിയതും വീല്‍ചെറുമായി നിന്നവരെ നോക്കി പ്രവീണ്‍ നാരായണ്‍ തിടുക്കത്തില്‍ പറഞ്ഞു. ''ഓ.കെ.''
വീല്‍ചെയര്‍ ഉള്ളിലേക്ക് നീങ്ങി. ഗോഡൗണിന്റെ ഇരുമ്പുവാതിലിനു മുന്നില്‍ അതു നിന്നു. വാതില്‍ തുറക്കപ്പെട്ടു. ഡോക്ടര്‍ പ്രവീണ്‍ നാരായണിന്റെ മകന്‍ ഏതൊക്കയോ അഭിശപ്ത ജന്മങ്ങളുടെ മേലേക്ക് ഊക്കോടെ പതിച്ചു. ഒരാര്‍ത്തനാദം ഉച്ചസ്ഥായിയിലേക്ക് നീങ്ങി. വാതില്‍ അടക്കപ്പെട്ടു.
പ്രവീണ്‍നാരായണ്‍ ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ വിസിറ്റേഴ്‌സ് റൂമിലേക്കു നടന്നു. അല്പനേരം വിശ്രമിക്കണം. ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴലിന്റെ മന്ദഗതിയില്‍ കുറച്ചു നേരം ലയിച്ചിരുന്നു.
മുന്നിലെത്തിയ സെയില്‍സ്‌ഗേളിന്റെ നേര്‍ത്ത ശബ്ദമാണയാളെ ഉണര്‍ത്തിയത്. ഒരു നീലക്കാര്‍ഡ് നല്‍കിക്കൊണ്ടവള്‍ പറഞ്ഞു. ''പതിനാലാം നമ്പര്‍ കൗണ്ടര്‍.''
ഏതോ അവ്യക്തമായ ഒരു ഭാരത്തെ അതിജീവിക്കാന്‍ ശ്രമിച്ചുകൊണ്ടയാള്‍ പതിനാലാം നമ്പര്‍ കൗണ്ടറിലേക്ക് നീങ്ങി. വി.ഐ.പി ക്യാബിനാണത്. കണ്ണാടിച്ചുവരുകള്‍ കൊണ്ട് അത് വേര്‍തിരിച്ചിരിക്കുന്നു. ഒരാള്‍ക്ക് മാത്രമേ ഒരു സമയം അതിലേക്ക് പ്രവേശനമുള്ളൂ. പ്രവീണ്‍ നാരായണിനെ കാത്തെന്നപോലെ മിശ്ര വാതില്ക്കലുണ്ടായിരുന്നു. അയാള്‍ വിനയപൂര്‍വ്വം ശിരസ്സുകുനിച്ച് ഡോക്ടറെ അകത്തേക്ക് ക്ഷണിച്ചു.
മേശപ്പുറത്ത് വെല്‍വെറ്റ് കൊണ്ടലംകൃമായ മനോഹരമായ ബാസ്‌കറ്റിനുള്ളില്‍ പ്രശാന്തമായുറങ്ങുന്ന ഒരാണ്‍കുഞ്ഞ്!
പിതൃത്വത്തിന്റെ ആദ്യനിറവ് ഡോക്ടര്‍ പ്രവീണ്‍നാരായണില്‍ വീണ്ടുമുണര്‍ന്നു. അയാള്‍ നന്ദിപൂര്‍വ്വം മിശ്രയുടെ മുഖത്തേക്ക് നോക്കി.
''സര്‍, അങ്ങേക്കിനിയൊരിക്കലും ദുഃഖിക്കേണ്ടിവരില്ല. മൂന്നേ മൂന്ന് ടെസ്റ്റ് ട്യൂബ് ശിശുക്കളാണ് ഈ മേളയിലുണ്ടായിരുന്നത്. ലോകപ്രശസ്തനായ ഒരു സാമ്പത്തികശാസ്ത്രജ്ഞനും യൂറോപ്യന്‍ ലോകത്തെ നിത്യവിസ്മയമായറിയപ്പെടുന്ന ഒരു ഗായികയുമാണ് ഇവനില്‍ മേളിച്ചിരിക്കുന്നത്. ഇവന്‍ സാറിന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളരും. തീര്‍ച്ച.'' മിശ്ര അഭിമാനപൂര്‍വ്വം പറഞ്ഞു. ''ഇവന്‍ ലോകത്തിനു തന്നെ മുതല്‍ക്കൂട്ടായിരിക്കും.''
പ്രവീണ്‍നാരായണ്‍ പ്രത്യാശയോടെ മിശ്രയേയും കുഞ്ഞിനേയും മാറി മാറി നോക്കി. മിശ്ര തുടര്‍ന്നു; ''അങ്ങയെപ്പോലുള്ള ചിലര്‍ പ്രായോഗികമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് ലോകത്തിലിനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്.''
ഈ കുഞ്ഞിനെ പ്രവീണ്‍നാരായണിനുവേണ്ടി മാറ്റിവച്ചതില്‍ തനിക്ക് പലരുടെയും അപ്രീതി സമ്പാദിക്കേണ്ടി വന്നിട്ടുണ്ടെന്നും അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും സൂചിപ്പിച്ചുകൊണ്ട് മിശ്ര ബാസ്‌കറ്റ് പ്രവീണ്‍ നാരായണിന് കൈമാറി. അയാള്‍ ശ്രദ്ധാപൂര്‍വ്വം ബാസ്‌കറ്റുമായി പുറത്തേക്കിറങ്ങുമ്പോള്‍, ചുണ്ടില്‍ ഗൂഡമായൊരു പുഞ്ചിരിയുമായി മിശ്ര വേഗം തന്റെ മൊബൈല്‍ ഫോണെടുത്ത് ബട്ടണമര്‍ത്താന്‍ തുടങ്ങുമ്പോള്‍ -
എവിടെ നിന്നോ ഒരു നിലവിളി കിതച്ച് കിതച്ച് നേര്‍ത്ത് നേര്‍ത്ത് പ്രവീണ്‍ നാരായണിന്റെ കാല്‍ചുവട്ടില്‍ വന്ന് നമിച്ചുവീണു.

(2004)

2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

ഗുഗി വാതിയോംഗോ സ്വന്തം ഭാഷയിലേക്ക്‌ മടങ്ങിയത്‌ എന്തുകൊണ്ട്‌?

സംസ്‌കാരങ്ങളുടെ തകര്‍ച്ചയാണ്‌ ഇരുപത്തിഒന്നാം നൂറ്റാണ്ട്‌ നേരിടാന്‍ പോകുന്നഏറ്റവും വലിയ വിപത്തുകളിലൊന്ന്‌. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു വളര്‍ന്നുവന്ന മഹത്തായ സംസ്‌കാരങ്ങള്‍, ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ചോരയും ബലിയും നിശ്വാസവും ത്യാഗവും ചേര്‍ന്ന്‌ വളര്‍ത്തിയെടുത്തസംസ്‌കാരത്തിന്റെ ആധാരശിലകള്‍ ഇമചിമ്മുന്ന വേഗതയില്‍ തകര്‍ന്ന്‌ തരിപ്പണമാകുന്നത്‌ സമകാലയാഥാര്‍ത്ഥ്യമാണ്‌. ഇറാക്കിന്റെയും അഫ്‌ഗാനിസ്ഥാന്റെയും പാലസ്‌തീനിന്റെയും സാംസ്‌കാരികമുദ്രകള്‍ ആ മണ്ണില്‍ നിന്ന്‌ എങ്ങനെയാണ്‌ തുടച്ചുമാറ്റപ്പെടുന്നതെന്ന്‌ നാം ഉള്‍ഭയത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്‌. ആദ്യം മണ്ണില്‍ നിന്ന്‌ മാറ്റപ്പെടുന്ന സാംസ്‌കാരിക ചിഹ്നങ്ങള്‍, പിന്നീട്‌ മനസ്സില്‍ നിന്ന്‌ മായിക്കപ്പെടും എന്നതിന്റെ വ്യക്തമായ സൂചനയാണത്‌. അധിനിവേശത്തിന്റെ ഏറ്റവും തന്ത്രപരവും സമര്‍ത്ഥവുമായ കടന്നാക്രമണമാണ്‌ സംസ്‌കാരങ്ങളെ തുടച്ചുമാറ്റല്‍. നിലവിലിരിക്കുന്ന സംസ്‌കാരത്തിന്റെ വിനിമയരൂപങ്ങളെ ക്രമേണ ഇല്ലായ്‌മ ചെയ്യുന്നതിലൂടെ മാത്രമേ മറുവശത്തുകൂടി അധിനിവേശ സംസ്‌കാരത്തിന്റെ കടന്നു കയറ്റം സുഗമമാവുകയുള്ളൂ.ഒരു സംസ്‌കാരത്തെ നശിപ്പിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ആ സംസ്‌കാരം വിനിമയം ചെയ്യപ്പെടുന്ന ഭാഷയെ നശിപ്പിക്കലാണ്‌. ആശയവിനിമയത്തിന്‌ ഭാഷ അനിവാര്യമായിരിക്കവെ, ഒരു ഭാഷ ക്ഷയിക്കുകയാണെങ്കില്‍ തല്‍സ്ഥാനത്തേക്ക്‌ മറ്റൊരുഭാഷ കടന്നുവരേണ്ടതുണ്ട്‌. ഒരു സംസ്‌കാരത്തെ മറ്റൊരു സംസ്‌കാരത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമമാണ്‌ ഭാഷ. ഒരു ഭാഷ ഒരു ജനതയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങുന്നതോടെ ആ ഭാഷയുമായി ബന്ധപ്പെട്ട സംസ്‌കാരവും ആധിപത്യം സ്ഥാപിച്ചുതുടങ്ങുന്നു. പുതുതായി വരുന്നതിനെയെല്ലാം വ്യഗ്രതയോടെ സ്വീകരിക്കുന്ന ജനത മെല്ലെ മെല്ലെ തങ്ങളുടെ സംസ്‌കാരത്തിന്റയും ഭാഷയുടെയും തനിമയോട്‌ വിടപറയുകയും അധിനിവേശ സംസ്‌കാരത്തിന്റയും ഭാഷയുടെയും ഇരയായിത്തീരുകയും ചെയ്യുന്നു. ഇന്ന്‌ ആഗോള വ്യാപകമായി പ്രാദേശികഭാഷകളും സംസ്‌കാരവും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ദുരന്തവുമാണിത്‌. അതുകൊണ്ടുതന്നെ ഇത്തരമൊരു കടന്നാക്രമണത്തിനു നേരെയുള്ള ചെറുത്തുനില്‌പും ആഗോളവ്യാപകമായിത്തന്നെ ശക്തിപ്രാപിച്ചുവരുന്നുണ്ട്‌. ഐക്യരാഷ്‌ട്രസംഘടന 2008 അന്താരാഷ്‌ട്ര ഭാഷാവര്‍ഷമായി ആചരിച്ചപ്പോള്‍ പ്രാദേശിക ഭാഷകളുടെ നിലനില്‌പും സംരക്ഷണവും ഊന്നിപ്പറഞ്ഞതും ഇക്കാരണം കൊണ്ടുതന്നെയാണ്‌.ഭാഷാ പരമായ ഈയൊരു പ്രതിസന്ധി നമ്മെ വല്ലാതെ ആകുലപ്പെടുത്തുമ്പോഴാണ്‌ കേരളത്തില്‍ മാതൃഭാഷയെ വിവരവിനിമയ രംഗത്ത്‌ സാര്‍വ്വത്രികമായി ഉപയോഗിക്കുവാന്‍ അവസരമൊരുക്കുന്ന ?മലയാളം കമ്പ്യൂട്ടിംഗ്‌ ?പദ്ധതി നടപ്പാക്കുന്നത്‌. ഏതൊരു ഭാഷയും നിലനില്‍ക്കണമെങ്കില്‍ ആ ഭാഷ നിരന്തരം ഉപയോഗിക്കപ്പെടണം. ഉപയോഗം നമ്മുടെ ആവശ്യകതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അരകല്ലും ആട്ടുകല്ലും ഉരലും ഉലക്കയും നമുക്ക്‌ ആവശ്യമായിരുന്നകാലത്ത്‌ ആ വാക്കുകള്‍ നമ്മുടെ സാര്‍വ്വത്രിക ഉപയോഗത്തിലുണ്ടായിരുന്നു. ക്രമേണ മിക്‌സിയും ഗ്രൈന്‍ഡറും റൈസ്‌മില്ലുകളും സാധാരണമായതോടെ ഇവയുടെ ഉപയോഗം കുറയുകയും ഇന്ന്‌ ഭൂരിപക്ഷത്തിന്റയും ദൈനംദിന ജീവിതത്തില്‍ പഴയ വീട്ടുപകരണങ്ങള്‍ ഒരു വിനിമയമാധ്യമമേ അല്ലാതാവുകയും ചെയ്‌തിട്ടുണ്ട്‌. ഭാഷ നമ്മെ കൈവിട്ടുപോകുന്നതിന്റെ, അല്ലെങ്കില്‍ ഭാഷയെ നാം കൈയൊഴിയുന്നതിന്റെ വഴികളിലൊന്നാണിത്‌. ഇവിടെ നമുക്ക്‌ ആവശ്യമില്ലാത്ത അല്ലെങ്കില്‍ ഉപയോഗമില്ലാത്ത വാക്കുകളെയാണ്‌ നാം കൈയൊഴിയുന്നത്‌.ആശയവിനിമയത്തിന്റെ മുഖ്യ ഉപാധിയായി ഇന്ന്‌ അതിവേഗം മാറിക്കൊണ്ടിരിക്കുന്നത്‌ കമ്പ്യൂട്ടറുകളാണ്‌. നമ്മുടെ സംവേദന ക്ഷമതയെയും സൗന്ദര്യബോധത്തെയും അത്‌ സാങ്കേതികവല്‌കരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ദിനചര്യയുടെ ഭാഗം പോലെ കമ്പ്യൂട്ടര്‍ നമ്മുടെ സുഹൃത്തായിരിക്കുന്നു പക്ഷേ കമ്പ്യൂട്ടറിലൂടെ നാം ആശയവിനിമയം നടത്തുവാനുപയോഗിക്കുന്നത്‌ നമ്മുടെ ഭാഷയല്ല, ഇംഗ്ലീഷാണെന്നതുകൊണ്ട്‌ മാതൃഭാഷയുടെ തണലില്‍ മാത്രം വളര്‍ന്നവര്‍ക്ക്‌ ഈ മാധ്യമം അപ്രാപ്യമാണ്‌. ഇന്റര്‍നെറ്റ്‌, ഇ-മെയില്‍, ബ്ലോഗ്‌, ചാറ്റ്‌ തുടങ്ങിയവയ്‌ക്കൊക്കെ ഇംഗ്ലീഷ്‌ ഭാഷയെ ആശ്രയിക്കുന്നത്‌ ആ ഭാഷയില്‍ വലിയ ജ്ഞാനമില്ലാത്തവരെ കളത്തിന്‌ പുറത്താക്കുന്നു. ഇവിടെയാണ്‌ മലയാളം കമ്പ്യൂട്ടിംഗിന്റെ പ്രസക്തി. കമ്പ്യൂട്ടറിലൂടെ ആശയവിനിമയത്തിന്‌ മലയാളം ഉപയോഗിക്കുന്നതോടെ ഭാഷാപരമായ വലിയൊരു തടവറ നാം ഭേദിക്കുകയാണ്‌. യൂണി കോഡ്‌ ഫോണ്ടുകള്‍ ഉപയോഗിച്ച്‌ ലോകത്തെവിടെയുള്ളവരുമായും ആശയവിനിമയം സാദ്ധ്യമാകുന്നതോടെ, കൈവിട്ടു തുടങ്ങിയ നമ്മുടെ ഭാഷയെ തിരിച്ചുപിടിക്കാമെന്ന പ്രത്യാശ ശക്തിപ്പെടുന്നു. ഒരേ സമയം ഭാഷാധിനിവേശത്തിനെതിരായ പ്രതിരോധവും സ്വന്തം ഭാഷയുടെ തനിമയിലേക്കുള്ള മടക്കവുമായി മാറുന്നു മലയാളം കമ്പ്യൂട്ടിംഗ്‌.മാതൃഭാഷയെക്കാള്‍ വലുത്‌ ഇംഗ്ലീഷാണെന്ന ബോധം കൊളോണിയല്‍കാലഘട്ടത്തിന്റെ ബാക്കി പത്രമാണ്‌. മാനസികമായ ഈ അടിമത്തത്തില്‍ നിന്നും ഇനിയും നാം മുക്തരായിട്ടില്ല എന്നതാണ്‌ ഈ ദാസ്യമനോഭാവത്തിനടിസ്ഥാനം. തങ്ങള്‍ ആധിപത്യം ചെലുത്തുന്ന നാടുകളിലെല്ലാം തങ്ങളുടെ ഭാഷയും ആധിപത്യം ഉറപ്പിക്കണമെത്‌ സാമ്രാജ്യത്വത്തിന്റെ തന്ത്രമായിരുന്നു എക്കാലത്തും. ഇന്നും അത്‌ തുടരുന്നു എന്നാല്‍ ചെറുത്തുനില്‍പിന്റെ ചെറിയ തുരുത്തുകള്‍ ലോകത്തെമ്പാടും ഉയര്‍ന്നുവരുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രാദേശിക ഭാഷകള്‍ക്കുവേണ്ടിയുള്ള വാദം സംസ്‌കാരങ്ങളുടെ മഹാപാരമ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള വാദമാണ്‌. ഒരു ഭാഷ നശിക്കുമ്പോള്‍ ഇല്ലാതാവുന്നത്‌ നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന സംസ്‌കാരത്തിന്റെ തുടര്‍ച്ചകളാണ്‌. എഴുത്തച്ഛനും ചെറുശ്ശേരിയും കുഞ്ചന്‍ നമ്പ്യാരും ആശാനും ഉള്ളൂരുമൊക്കെ ഇല്ലാതാകുന്ന ഒരു കേരളത്തെക്കുറിച്ച്‌ നമുക്ക്‌ ചിന്ത്തിഖ്‌ഖ്‌ാനാഖ്‌ുമൂ? ഓരോ ഭാഷയ്‌ക്കും ഇത്തരം ഈടുവയ്‌പുകളുണ്ട്‌. ലോകത്തെമ്പാടുമുള്ള പ്രാദേശിക ഭാഷകളുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ചേര്‍ത്തുവെച്ചാല്‍ അതിന്റെ ശക്തിയെയും സൗന്ദര്യത്തെയും മറികടക്കാന്‍ ഒരു ആഗോളഭാഷയ്‌ക്കും കഴിയില്ല. ഈ അറിവ്‌ അധിനിവേശഭാഷയുടെ കടന്നാക്രമണത്തിനെതിരായ ചെറുത്തുനില്‍പിന്റെ ആക്കം കൂട്ടുന്നു.ഭാഷാപരവും സാംസ്‌കാരികവുമായ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പിന്റെ ആവേശകരമായ അദ്ധ്യായമാണ്‌ കെനിയന്‍ എഴുത്തുകാരനും പുരോഗമനവാദിയുമായ എന്‍ഗുഗി വാതിയോംഗോയുടെ ധൈഷണികജീവിതം. ഇംഗ്ലീഷ്‌ ഭാഷയില്‍ എഴുതി ലോകപ്രശസ്‌തനായി നില്‍ക്കുന്ന അവസരത്തില്‍, ഇനിമുതല്‍ താന്‍ ഇംഗ്ലീഷ്‌ ഭാഷയില്‍ എഴുതുകയില്ലെന്നും തന്റെ മാതൃഭാഷയായ ഗികുയുവിലും കിസ്‌ വാഹിലിയിലും മാത്രമേ എഴുതുകയുള്ളൂവെന്നും ഗുഗി പ്രഖ്യാപിക്കുന്നു. ഭാഷാപരമായ അധിനിവേശത്തിനെതിരെ നടന്ന ഏറ്റവും ധീരവും വിപ്ലവകരവുമായ തീരുമാനമായിരുന്നു അത്‌. ഇംഗ്ലീഷ്‌ ഭാഷയെ അപേക്ഷിച്ച്‌ എത്രയോ ചെറിയ ഭാഷയാണ്‌ ഗികിയു. ഇംഗ്ലീഷ്‌ ഭാഷ തനിക്കുനല്‍കുന്ന ഇടത്തിന്റയും പ്രശസ്‌തിയുടെയും ചെറിയൊരംശം പോലും തന്റെ മാതൃഭാഷയ്‌ക്ക്‌ നല്‍കുവാന്‍ കഴിയില്ലെന്നറിയാമായിരുന്നിട്ടും ഗുകിയു എടുത്ത ഈ തീരുമാനം പ്രാദേശിക ഭാഷകള്‍ക്കും സംസ്‌കാരത്തിനും വേണ്ടിയുള്ള പ്രതിരോധ ശ്രമങ്ങള്‍ക്ക്‌ ആവേശകരമായ പ്രചോദനമാണ്‌ നല്‍കിയത്‌. കെനിയന്‍ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച്‌ ഗുകി ജയിലിലാകുന്ന സമയത്താണ്‌ ഇംഗ്ലീഷിലുള്ള രചന ഉപേക്ഷിക്കുന്നത്‌. ഈ കാലത്താണ്‌ ?മനസ്സിന്റെ അപകോളനീകരണം?(Decolonising the mind) എന്ന കൃതി ഗുഗി എഴുതിത്തുടങ്ങന്നത്‌. കൊളോണിയല്‍ സംസ്‌കാരം കീഴാള സംസ്‌കാരത്തിന്റെ വേരുകളെയും ശാഖകളേയും അതിന്റെ ചരിത്ര പശ്ചാത്തലത്തെയും എങ്ങനെ ഇല്ലായ്‌മ ചെയ്യുന്നുവെന്ന്‌ ഈ കൃതി വിശദീകരിക്കുന്നു ഒരു ലോകഭാഷയെ ഒരു കൊച്ചു ഭാഷകൊണ്ട്‌ പ്രതിരോധിക്കുവാന്‍ ഏറെ സാദ്ധ്യതകളുണ്ടെന്ന്‌ ഈ കൃതിയിലൂടെയും സ്വന്തം സാംസ്‌കാരിക ജീവിതത്തിലൂടെയും ഗുകി കാണിച്ചുതരുന്നു. ഒരു ജനത അവരുടെ ഭാഷയില്‍ നിന്ന്‌ അകന്നു പോകുന്നതോടെ ഭൂതകാലം അവര്‍ക്ക്‌ നഷ്‌ട്ടപ്പെടുകയാണ്‌. ഭൂതകാലം നഷ്‌ടപ്പെടുകയെന്നാല്‍ വേരുകള്‍ ഇല്ലാതാകലാണ്‌. വേരുകളില്ലാതെ ഒരു വൃക്ഷത്തിനും നിലനില്‍ക്കാനാകാത്തതുപോലെ ഭൂതകാലത്തിന്റെ തുടര്‍ച്ചയെ നിഷേധിച്ചുകൊണ്ട്‌ ഒരു ജനതയ്‌ക്കും ദീര്‍ഘദൂരം സഞ്ചരിക്കാനാകില്ല. സാമ്രാജ്യത്ത്വത്തിന്റെ കടന്നുകയറ്റം ആഫ്രിക്കയുടെ സിരകളില്‍ നിന്നും വീറും ചൈതന്യവും ഊറ്റി യെടുക്കുന്നത്‌ കണ്ടപ്പോള്‍ ഗുഗിക്ക്‌ നിഷ്‌ക്രീയനായിരിക്കാന്‍ കഴിഞ്ഞില്ല. ഗുകി എഴുതുന്നത്‌ നോക്കുക. ``ആഫ്രിക്കന്‍ ഭാഷയായ, കെനിയന്‍ ഭാഷയായ, ഗികുയുവിലുള്ള എന്റെ എഴുത്ത്‌ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള കെനിയയിലെയും ആഫ്രിക്കയിലെ മുഴുവന്‍ ജനങ്ങളുടെയും പോരാട്ടത്തിന്റെ അഭിവാജ്യഘടകമാണ്‌. വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും ഞങ്ങളുടെ കെനിയന്‍ഭാഷകളെ പിന്നോക്കത്തിന്റെയും അവികസനത്തിന്റയും അവഹേളനത്തിന്റെയും പീഡനത്തിന്റെയും നിഷേധാത്മ ഗുണവിശേഷങ്ങളായി ബന്ധിപ്പിച്ചിരിക്കുന്നു. സാമ്രാജ്യത്വ സമൂഹവും അവരുടെ ചരിത്രവും അടിച്ചേല്‍പ്പിച്ച വെറുപ്പിന്റെ പാരമ്പര്യത്തില്‍ കെനിയന്‍ കുട്ടികള്‍ വളരുന്നത്‌ കാണാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല ''. ഗുഗി സ്വന്തം ഭാഷയിലേക്ക്‌ മടങ്ങിയത്‌ എന്തുകൊണ്ടെന്നതിന്റെ ലളിതമായ വിശദാകരണമാണിത്‌. സ്വന്തം ഭാഷയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും വളര്‍ന്നുവരുന്ന കുട്ടികളുടെ തലമുറ അകന്നു പോകുന്നത്‌ അപകടമാണെന്ന്‌ ഗുഗി മനസ്സിലാക്കി. അതിന്റെ ഫലമായിരുന്നു ഗികുയുവിലേക്കുള്ള മടക്കം. ഇത്‌ വലിയൊരു പ്രതീകാത്മക പോരാട്ടം കൂടിയായിരുന്നു.ലോകമെമ്പാടും ഇത്തരത്തിലുള്ള ചെറുത്തുനില്‍പിന്റെ ശ്രമങ്ങള്‍ രൂപപ്പെടുന്നുണ്ട്‌ അതിന്റെ ശക്തമായ സാന്നിദ്ധ്യം കേരളത്തിലുമുണ്ടായിക്കഴിഞ്ഞു. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്‌ഭാഷ ഉപയോഗിച്ച്‌ ചെയ്യാവുന്ന എല്ലാകാര്യങ്ങളും മലയാളത്തിലും ചെയ്യാന്‍ അവസരമൊരുങ്ങുന്നത്‌ ശുഭകരമാണ്‌. മലയാളം യൂണികോഡുപയോഗിച്ച്‌ എവിടേക്കുംും സന്ദേശങ്ങള്‍ കൈമാറാനും ഇത്‌ അവസരമൊരുക്കുന്നു. എന്നാല്‍ ആശയവിനിമയത്തിന്‌ മലയാളം ഉപയോഗിക്കാന്‍ അവസരം ലഭ്യമാകുന്നു എന്നതിനപ്പുറം ഭാഷയുടെ ചരിത്രപരവും സാംസാകാരികവും അതിജീവനവുമായ ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക്‌ ഈ പ്രോജക്‌ടിനെ വളര്‍ത്തിക്കൊണ്ടു വരാന്‍ ഇനിയും ശ്രമങ്ങള്‍ വേണ്ടിയിരിക്കുന്നു. അപ്പോഴാണ്‌ അതിന്‌ പ്രതിരോധത്തിന്റെയും നിലനില്‌പിന്റെയും ഭാഷാസ്‌നേഹത്തിന്റെയും തിളക്കവും ശക്തവുമായ മാനം ലഭിക്കുന്നത്‌.